രോഗം ബാധിച്ച മരച്ചീനി ഗവേഷകംസംഘം പരിശോധിക്കുന്നു.
വെള്ളിയാമറ്റം: ഇളംദേശം, വെള്ളിയാമറ്റം മേഖലകളില്‍ മരച്ചീനിയുടെ വേരുചീയല്‍ രോഗത്തിന്റെ തീവ്രത വിലയിരുത്തുന്നതിന് സിടിസിആര്‍ഐ യില്‍നിന്നുള്ള ഗവേഷകരുടെ സംഘം എത്തി പരിശോധന നടത്തി. പാടത്തു നടുന്ന മരച്ചീനിയിലാണ് ചീയല്‍ രോഗം വ്യാപകമായി കണ്ടുവരുന്നത്. ഈ രോഗം മൂലം 25 മുതല്‍ 30 ശതമാനം വരെ നഷ്ടം കര്‍ഷകര്‍ക്ക് ഉണ്ടാകുന്നുണ്ട്. രോഗം രൂക്ഷമായ കൃഷിയിടങ്ങള്‍ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.എല്‍. ജീവയുടെ നേതൃത്വത്തിലെത്തിയ സംഘം സന്ദര്‍ശിച്ചു.
തുടര്‍ന്ന് സംഘം കര്‍ഷകരുമായി സംവദിക്കുകയും രോഗബാധയുടെ തീവ്രതയും വ്യാപനവും വിലയിരുത്തുകയും ചെയ്തു. സീനിയര്‍ സയന്റിസ്റ്റ് ഡോ. ജീന മാത്യു, ടെക്നിക്കല്‍ അസിസ്റ്റന്റ് ഷിനില്‍ എന്നിവര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാര്‍, വൈസ് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു, പഞ്ചായത്ത് മെംബര്‍മാരായ അജിത കുമാരി, വാസന്തി നാരായണന്, അഭിലാഷ് രാജന്, ജോസ് ആഗസ്തി, ഇളംദേശം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആഷ്ലി മറിയാമ്മ ജോര്‍ജ്, കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്, കൃഷി അസിസ്റ്റന്റ് പി.ഡി. അരുണ്‍കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
രോഗവ്യാപനം തടയുന്നതിനുള്ള ശാസ്ത്രീയ നിയന്ത്രണമാര്‍ഗങ്ങള്‍ സംഘം കര്‍ഷകര്‍ക്കു പരിചയപ്പെടുത്തി. രോഗമില്ലാത്ത സ്ഥലത്തുനിന്നെടുത്ത രോഗമില്ലാത്ത കമ്പുകള്‍ മാത്രം നടാന്‍ ഉപയോഗിക്കുക, നടുന്നതിന് മുമ്പ് കമ്പുകള്‍ കാര്‍ബെന്‍ഡാസിം 50 ശതമാനം എന്ന കുമിള്‍നാശിനിയില്‍ (10 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍) 10 മിനിറ്റ് നേരം മുക്കിവച്ച ശേഷം നടുക. മഴയ്ക്കു ശേഷം രോഗം കണ്ടുതുടങ്ങുമ്പോള്‍തന്നെ കാര്‍ബണ്‍ഡാസിം 50 ശതമാനം (10 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍) ചെടിക്കു ചുറ്റുമുള്ള മണ്ണില്‍ ഒഴിച്ചുകൊടുക്കുക, കൃഷിയിട ശുചിത്വം കര്‍ശനമായി പാലിക്കുക, നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക, മണ്ണിന്റെ അമ്ലത കുറയ്ക്കുന്നതിന് കുമ്മായം ഉപയോഗിക്കുക, മണ്ണില്‍ സന്തുലിത പോഷക ലഭ്യത ഉറപ്പുവരുത്തുക, നടുന്ന സമയം ചെടി ഒന്നിന് വേപ്പിന്‍പിണ്ണാക്ക് 20 ഗ്രാം ചേര്‍ക്കുക, ട്രൈക്കോഡെര്‍മ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച കാലിവളം ഉപയോഗിക്കുക.
എന്നിവയാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ചെയ്യാവുന്ന പരിഹാരമാര്ഗങ്ങളെന്നും ഡോ. ജീവ പറഞ്ഞു. കൃഷിയിടത്തില്‍നിന്ന് രോഗമുള്ള മരച്ചീനിയുടെയും മണ്ണിന്റെയും സാമ്പിളുകള്‍ സംഘം ശേഖരിച്ചു.
Tags : Nattuvishesham Districtnews Cassava root