അറസ്റ്റിലായ ബിന്ദു
തിരുവനന്തപുരം: കോർപറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തി 1.26 കോടിയുടെ ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതിയായ തിരുവനന്തപുരം തിരുവല്ലം സ്വദേശിനി എൽ. ബിന്ദുവിനെ (47) വിജിലൻസ് അറസ്റ്റ് ചെയ്തു. കോടികളുടെ സബ്സിഡി തട്ടിയ കേസിൽ ആറാമതായി അറസ്റ്റിലാകുന്ന ആളാണ് ബിന്ദു.
കേസിൽ തിരുവനന്തപുരം കോർപറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ പ്രവീണ്രാജ്, മുൻ എസ്സി പ്രമോട്ടർമാരായ എസ്.സിന്ധു, അജിത, പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി, ആധാരം എഴുത്തുകാരനായ സുരേഷ് ബാബു എന്നിവരെ നേരത്തെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
2020-2021 സാന്പത്തിക വർഷം തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്കായി നടപ്പാക്കിയ പദ്ധതിയുടെ വായ്പകൾക്കുള്ള സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകളുണ്ടാക്കിയ ശേഷം യഥാർഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാതെ തുക ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ഫണ്ട് തട്ടിയെടുത്തത്. ഈ കേസിന്റെ അന്വേഷണത്തിൽ 8-ാം പ്രതിയായ ബിന്ദു മറ്റ് പ്രതികളുമായി ഗൂഡാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : NattuVishasham DistrictNews Vigilance