ഉള്ളൂർ : തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ സീലിംഗ് ഇളകി വീണു. രോഗികള്‍ കിടക്കുന്ന ഭാഗത്തുനിന്ന് അല്‍പ്പം മാറിയായതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയായിരുന്നു സംഭവം. ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ഇരു പതാം വാര്‍ഡിലാണ് സംഭവമുണ്ടായത്. സീലിംഗിന്റെ ഭാഗം കുറച്ചുമാസങ്ങള്‍ക്കുമുമ്പ് താഴേക്കും വീണിരുന്നു. ഈ ഭാഗത്തുണ്ടായായ ദ്വാരം അടയ്ക്കുന്നതിന്റെ ഭാഗമായി സിമന്റ് തേച്ചു സുരക്ഷിതമാക്കിയിരുന്നു. ഇതാണ് വീണ്ടും ഇളകി താഴേക്കു പതിച്ചത്.
ഉച്ചസമയത്തു രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. വാര്‍ഡുകളിലുണ്ടായിരുന്ന ഫാനുകള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിനന്റെ ഇളക്കംമൂലം ബലംകുറഞ്ഞ തേപ്പ് ഇളകി നിലത്തേക്കു വീണതാണെന്നു രോഗികള്‍ പറഞ്ഞു.
സീലിംഗ് വീണതോടെ രോഗികള്‍ ഭയപ്പെട്ട് പുറത്തേക്കോടിയെങ്കിലും മറ്റുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. വിവരമറിഞ്ഞ് ആശുപത്രി അധികൃതര്‍ സ്ഥലത്തെത്തി 20-ാം വാര്‍ഡിനടുത്തുള്ള സീലിംഗ് പരിശോധിച്ചു. എത്രയും വേഗം ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്താനും സുരക്ഷിതമാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ആശുപത്രിക്കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും അറ്റകുറ്റപ്പണി കാര്യക്ഷമമായി നടക്കുന്നില്ലെന്നും രാത്രിസമയത്താണ് സംഭവം നടന്നിരുന്നതെങ്കില്‍ തങ്ങളുടെ ദേഹത്തേക്ക് സിമന്റ് പാളി ഇളകിവീഴുമായിരുന്നുവെന്നും രോഗികള്‍ പറഞ്ഞു.