തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സൈക്ലിംഗ് വിത്ത് ചാണ്ടി ഉമ്മൻ എന്ന പേരിൽ പാമ്പാടിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് സംഘടിപ്പിച്ച റോഡ് ഷോ.
കോട്ടയം: ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പുതുപ്പള്ളിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പ്രചാരണം നടത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. പ്രചാരണത്തില്‍ ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും ഒഴിവാക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മണ്ഡലത്തിലെ വീടുകള്‍ കയറിയിറങ്ങി വോട്ടുതേടുമെന്നും ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവര്‍ക്കു വീടുവച്ചു നല്കാന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭവനരഹിതരില്ലാത്ത പുതുപ്പള്ളി എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. അതിനായി ഉമ്മന്‍ചാണ്ടി ഭവനനിര്‍മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 50 വീടുകളുടെ നിര്‍മാണമാണ് ആരംഭിച്ചത്. രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ ഇതില്‍ 47 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശം നടത്തി. ശേഷിക്കുന്ന മൂന്ന് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
100 വീടുകള്‍കൂടി നിര്‍മിച്ചുനല്‍കാനാണു തീരുമാനം. അഞ്ച് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 25 വീടുകള്‍ക്ക് കഴിഞ്ഞദിവസം തറക്കല്ലിട്ടു. ഇതിനെല്ലാമുള്ള പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായിട്ടാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തന്നെയും തന്റെ പ്രസ്ഥാനത്തെയും അറിയാം. ആ സാഹചര്യത്തില്‍ എന്തിന് ധൂര്‍ത്ത് നടത്തണമെന്നാണു ചാണ്ടിയുടെ ചോദ്യം.
റോഡ് ഷോ, സൈക്കിള്‍ റാലി, ജനസമ്പര്‍ക്കയാത്ര തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണമാണ് ലക്ഷ്യം. വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയിലാണു പ്രവര്‍ത്തിക്കുന്നത്. ഫ്ളക്സുകളിലല്ല, ജനമനസുകളിലാണ് സ്ഥാനം ലഭിക്കേണ്ടതെന്നാണ് വിശ്വസിക്കുന്നത്.
ഡിജിറ്റല്‍ യുഗമാണ്. എല്ലാ വീടുകളിലും കടന്നുചെല്ലാന്‍ ഇത്തരം അവസരങ്ങള്‍ ഏറെയുണ്ട്. പോസ്റ്ററുകളുടെ ഉപയോഗവും കുറയ്ക്കും. നോട്ടീസുകളും സോഷ്യല്‍ മീഡിയയും പരമാവധി ഉപയോഗിച്ചുള്ള പ്രചാരണത്തിനായിരിക്കും പ്രാധാന്യം. ഡോര്‍ ടു ഡോര്‍ പ്രചാരണവും കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Tags : Chandy Umman nattuvishesham local news