ഹിറ്റാച്ചിയുടെ സഹായത്തോടെ പാലക്കുഴിയിലെ ചെക്ക്ഡാമിൽ ആരംഭിച്ച മണ്ണുനീക്കൽ പ്രവൃത്തികൾ.
വടക്കഞ്ചേരി: നിർമാണ പ്രവൃത്തികൾ പൂർത്തിയായിട്ടുള്ള പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ ചെക്ക്ഡാം ക്ലീനിംഗ് തുടങ്ങി. ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും ചെളിയും പൂർണമായും നീക്കംചെയ്യുന്ന പ്രവൃത്തികളാണ് ഇന്നലെ ആരംഭിച്ചത്.
ഡാമിനുള്ളിൽ ചില ഭാഗത്ത് രണ്ടു മീറ്ററിൽവരെ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ട്. ഹിറ്റാച്ചിയുടെ സഹായത്തോടെയാണ് ഇതു നീക്കം ചെയ്യുന്നത്. ഒരാഴ്ചയോളം ഈ പണികൾ നീളും. അതിനു ശേഷമാണ് ചെക്ക്ഡാമിൽ ജലസംഭരണം തുടങ്ങുകയെന്നു അധികൃതർ പറഞ്ഞു.
പിന്നീട് തുടർച്ചയായി മഴ കിട്ടുന്ന സ്ഥിതിയുണ്ടായാൽ താഴെ കൊന്നക്കൽക്കടവിൽ വൈദ്യുതി ഉത്പാദനം തുടങ്ങും. കാലവർഷത്തിനുമുമ്പ് ട്രയൽറണ്ണും മറ്റു പരിശോധനകളും പൂർത്തിയാക്കി പവർഹൗസും അനുബന്ധ സംവിധാനങ്ങളും പൂർണമായ വൈദ്യുതി ഉത്പാദനത്തിനു സജ്ജമാക്കുകയാണ് ലക്ഷ്യം.
ഒരുമാസംമുമ്പ് ചെക്ക്ഡാമിന്റെ റിവർ സ്ളൂയിസ് തുറന്ന് കുറെ ചെളിനീക്കം നടത്തിയിരുന്നു.
പാലക്കുഴി മലയിൽ അഞ്ചുമുക്കിലാണ് ചെക്ക്ഡാമുള്ളത്. വേനൽമഴയിൽ പുഴയിലൂടെ ഒഴുകി വന്ന വെള്ളം ചെക്ക്ഡാമിൽ സംഭരിച്ചിരുന്നു. ഈ വെള്ളമാണ് ഒഴുക്കിവിട്ടത്.
സ്റ്റോറേജ് സ്കീം എന്നതിനു പകരം റൺ ഓഫ് ദി റിവർ സ്കീമായാണ് പാലക്കുഴി പദ്ധതിയുള്ളത്. ഒഴുകി വരുന്ന വെള്ളം അപ്പോൾതന്നെ പവർഹൗസിലെത്തിച്ച് തത്സമയം വൈദ്യുതി ഉത്പാദനമാണ് നടത്തുക.
Tags : Check dam nattuvishesham local news