കോതമംഗലം: പത്തുവർഷമായി മുടങ്ങിക്കിടക്കുന്ന ചേലാട് ഇന്റർനാഷണൽ സ്റ്റേഡിയം പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സ്ഥലം സന്ദർശിച്ച ഷിബു തെക്കുംപുറം എംഎൽഎ. മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ ബജറ്റിൽ തന്നെ സ്റ്റേഡിയത്തിന് ഫണ്ട് അനുവദിച്ചു.
ഇനി പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
ചേലാട് ഗവ. പോളിടെക്നിക് കോളജും എംഎൽഎ സന്ദർശിച്ചു. ഒന്നര വർഷം മാത്രം പഴക്കമുള്ള കോളജ് കെട്ടിടത്തിലെ ക്ലാസ് മുറികൾ ചോർന്നൊലിക്കുന്നതടക്കമുള്ള ഗുരുതര നിർമാണ പോരായ്മകൾ നേരിൽക്കണ്ട് ബോധ്യപ്പെട്ടു. വിദ്യാർഥികൾക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
കോളജിലെ വിവിധ വകുപ്പുകളും ലബോറട്ടറികളും സന്ദർശിച്ച എംഎൽഎ, അടിസ്ഥാന പഠനസൗകര്യങ്ങളിലെ അപര്യാപ്തതയും വിലയിരുത്തി. എംഎൽഎ ആസ്തി വികസന ഫണ്ടിലൂടെ ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു.
പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോർജുകുട്ടി, വൈസ് പ്രസിഡന്റ് ലതാ ഷാജി, വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിബി ജെയിംസ്, മറ്റ് ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ എംഎൽഎക്കൊപ്പമുണ്ടായിരുന്നു.
Tags : Local News Nattuvishesham Ernakulam