പറവൂർ: താലൂക്കിലെ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതി ഉയരുന്നു. കാലപ്പഴക്കം ചെന്ന അരിയിൽ ഉച്ചിനെ കണ്ടതിനെ തുടർന്ന് അരി വാങ്ങിപ്പോയ നിരവധി ഗുണഭോക്താക്കൾ അത് തിരികെ റേഷൻ കടകളിൽ തന്നെ ഏൽപ്പിക്കുകയാണ്. വീട്ടിലെത്തി വാങ്ങിയ അരി തുറന്നപ്പോഴാണ് ഉച്ചും ദുര്ഗന്ധവും ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്.
ഭക്ഷണത്തിന് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലുള്ള അരി താലൂക്കിലെ നിരവധി റേഷൻ കടകളിൽ നിന്ന് വിതരണം ചെയ്തിട്ടുണ്ട്. പലരും അരി ഉപയോഗിക്കാതെ റേഷൻ കടകളിൽ തിരിച്ചെത്തിച്ച് മാറ്റിനൽകണമെന്ന ആവശ്യം തർക്കത്തിനും കാരണമായി.
കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരം പരാതികൾ ഉണ്ടാകുന്നത് വളരെ കുറവായിരുന്നു. കൃത്യമായ പരിശോധയും ഗുണനിലവാരവും ഉറപ്പാക്കിയായിരുന്നു റേഷൻ കടകളിലൂടെ അരിയുടെ വിതരണം നടന്നിരുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട പൊതുവിതരണ സംവിധാനത്തിൽ ഇത്തരം ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു.
വിതരണത്തിന് മുമ്പ് അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ ബന്ധപ്പെട്ട അധികൃതർ പരാജയപ്പെട്ടതായും പരാതിയുണ്ട്. കാലപ്പഴക്കം ചെന്ന ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ ശൃംഖലയിലേക്ക് എത്തിയത് എങ്ങനെയെന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പറവൂർ താലൂക്ക് സപ്ലൈ ഓഫീസർ സുനിത പറഞ്ഞു. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തുന്ന സ്റ്റോക്കുകൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അവർ അറിയിച്ചു.
ഗുണനിലവാരമുള്ള ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാലപ്പഴക്കം ചെന്ന അരി വിതരണം ചെയ്തതിന്റെ ഉത്തരവാദിത്വം കണ്ടെത്തി ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിവിധ ഉപഭോക്തൃ സംഘടനകളും ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam