ബൈരക്കുപ്പപാലം നിര്‍മാണത്തിനായി രണ്ടാമത് സ്ഥാപിച്ച തറക്കല്ല്.
പുല്‍പ്പള്ളി: കബനി നദിക്ക് കുറുകെ കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ കുടിയേറ്റ മേഖല.
ബൈരക്കുപ്പ പാലം നിര്‍മിക്കുന്നതിനായി 40 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചെന്ന് ഡല്‍ഹിയില്‍ കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്ഗരിയുമായുളള കുടിക്കാഴ്ചയ്ക്കു ശേഷം സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് വ്യക്തമാക്കിയത്.
കര്‍ണാടക സര്‍ക്കാരില്‍ നിന്ന് എന്‍ഒസി വാങ്ങി മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മൂന്ന് മാസത്തിനകം പാലം നിര്‍മിക്കുന്നതിനാവശ്യമായ നടപടി സ്വികരിക്കാമെന്നും നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്കി. കബനി നദിക്ക് കുറുകെ പാലവും അപ്രാച്ച് റോഡും നിര്‍മിക്കുന്നതിന് വേണ്ടിയാണ് 40 കോടി രൂപ. കബനി നദിക്ക് കുറുകെ 160 മീറ്റര്‍ നീളത്തിലാണ് പാലം വിഭാവനം ചെയ്തിട്ടുള്ളത്. പ്രിയങ്ക ഗാന്ധി എംപിക്ക് പദ്ധതിയോടുള്ള പ്രത്യേക താത്പര്യമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന് വേഗം കൂട്ടിയത്.
ബൈരക്കുപ്പ പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പാലം യഥാര്ഥ്യമാക്കുന്നതിനാവശ്യമായ ഇടപ്പെടല്‍ വേഗത്തിലാക്കണമെന്ന ആവശ്യമുയര്‍ത്തി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി മന്ത്രി പി.കെ. ബഷീര്‍ കഴിഞ്ഞ മാസം ചര്‍ച്ച നടത്തിയിരുന്നു.
പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുക്കാലായില് പാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള-കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകള്‍ക്കും പ്രിയങ്ക ഗാന്ധി എംപിക്കും നിരന്തരമായി നിവേദനം നല്‍കുകയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ കൂട്ടായ പരിശ്രമവും നടപടികള്ക്കുപിന്നിലുണ്ട്. പ്രിയങ്ക ഗാന്ധി എംപി രണ്ട് മാസം മുമ്പ് പാലം നിര്‍മിക്കാനുദ്ദേശിക്കുന്ന പെരിക്കല്ലൂര്‍ കടവ് സന്ദര്‍ശിച്ചിരുന്നു.
Tags : Local News Nattuvishesham Wayanad