ഭാരതിക്കുട്ടിയമ്മ
കടുത്തുരുത്തി: വീടിനകത്ത് കിടന്നുറങ്ങിയ വയോധികയെ തെരുവുനായ കടിച്ചു. മുളക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന പൂഴിക്കോല്‍ പെരുമാലില്‍ ഭാരതിക്കുട്ടിയമ്മ (73) യെയാണ് തെരുവുനായ കടിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീടിനകത്ത് കട്ടിലില്‍ കിടക്കുമ്പോഴാണ് ഭാരതീയമ്മയുടെ കാലില്‍ തെരുവ് നായ കടിച്ചു വലിച്ചത്. ഭാരതീയമ്മ തലയോലപ്പറമ്പ് ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.
ഭാരതിയമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. മകന് സമീപത്തെ ബേക്കറിയില്‍ ജോലിക്കു പോയ ശേഷമാണ് വീടിന്റെ മുന്‍വാതിലിലൂടെ അകത്ത് കടന്ന നായ വയോധികയെ കടിച്ചത്. തുടര്‍ന്ന് ഭാരതിയമ്മ മകനെ ഫോണ്‍ വിളിച്ചു വിവരമറിയിച്ചു. വീട്ടിലെത്തിയ മകന് കാണുന്നത് കാലില്‍ മുറിവുമായി നില്ക്കുന്ന അമ്മയെയും തറയില്‍ രക്തം വീണു കിടക്കുന്നതുമാണ്.
ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Tags : Local News Nattuvishesham Kottayam