വെള്ളൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ മുൻ ഭരണസമിതി അംഗങ്ങൾക്കും ബന്ധപ്പെട്ട ഉദ്
വെള്ളൂർ: വെള്ളൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മുൻ ഭരണസമിതി അംഗങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സമൻസ് നൽകി.
ഇന്നലെ ഉച്ചകഴിഞ്ഞ് വെള്ളൂർ സർവീസ് സഹകരണ ബാങ്കിലെത്തിയ ഇഡി ഉദ്യോഗസ്ഥർ 1999 മുതൽ 2018വരെ ബാങ്ക് ഭരിച്ചിരുന്ന നാലു തവണത്തെ ഭരണസമിതി അംഗങ്ങൾക്കും അന്നത്തെ ബാങ്ക് സെക്രട്ടറി, അക്കൗണ്ടന്റ്, ജൂണിയർ ക്ലർക്ക് എന്നിവരടക്കമുള്ളവർക്കാണ് സമൻസ് നൽകിയത്.
സമൻസ് കൈപ്പറ്റേണ്ട 29 പേരിൽ ചിലർ മരണപ്പെട്ടു. അസുഖ ബാധിതരായി യാത്രചെയ്യാൻ കഴിയാത്തവരൊഴികെയുള്ളവരെ ബാങ്കിൽ വിളിച്ചുവരുത്തിയാണ് സമൻസ് നൽകിയത്. പിന്നീട് അസുഖബാധിതരായി വീട്ടിൽ കഴിയുന്നവരുടെ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സമൻസ് ലഭിച്ചവർ 27ന് കോഴിക്കോട്ടെ ഇഡി ഓഫീസിൽ ഹാജരാകണം.2018 മാർച്ച് 15നാണ് ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് പുറത്തായത്. മതിയായ ഈട് പ്രമാണങ്ങൾ വാങ്ങാതെയും ആധാരങ്ങളുടെ അസൽ ഇല്ലാതെയും വായ്പകൾ നൽകി. ഒരു വസ്തുവിന്റെ ഈടിൽ ഒരാൾക്ക് പലതരം വായ്പ നൽകി. കുടിശികയായ വായ്പകൾ ഈടാക്കുന്നതിന് ബാങ്ക് അധികൃതർ ഫലപ്രദമായ യാതൊരുനടപടിയും സ്വീകരിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സഹകരണ വകുപ്പ് 2019 സെപ്റ്റംബർ 30ന് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ ബാങ്കിന് വന്ന നഷ്ടം 43,96,25752 രൂപയായി കണക്കാക്കി ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെട്ട 29പേരിൽ നിന്ന് ഈ തുക ഈടാക്കേണ്ടതാണെന്നും കണ്ടെത്തി.
അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കോട്ടയം ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ 2021 മേയ് 17ന് സർചാർജ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പ്രതികൾ അപ്പീൽ നൽകിയതിനാൽ കേസിൽ തീർപ്പുണ്ടായില്ല.
പിന്നീട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെട്ട 29പേരിൽ നിന്ന് നഷ്ടോത്തരവാദിത്ത തുകയായി 38,33,37446 രൂപ ബാങ്ക് തിരിച്ചുപിടിക്കണമെന്ന് ഉത്തരവായിരുന്നു.
Tags : Local News Nattuvishesham Kottayam