മണല്‍വയല്‍ കാട്ടുനായിക്ക ഉന്നതിയില്‍ അജിതയും കുടുംബവും കഴിയുന്ന പ്ലാസ്റ്റിക്കൂര.
സുല്‍ത്താന്‍ ബത്തേരി: മരംവീണ് തകര്‍ന്ന വീട് വാസയോഗ്യമാക്കാതെ കരാറുകാരന് മുങ്ങിയതോടെ മൂന്നംഗ ഗോത്രകുടുംബം കഴിയുന്നത് പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍. ബത്തേരി കൈവട്ടമൂല മണല്‍വയല്‍ കാട്ടുനായ്ക്ക ഉന്നതിയിലെ അജിതയും കുടുംബവുമാണ് നാല് വര്‍ഷത്തിലേറെയായി കൂരയ്ക്കുള്ളില്‍ ദുരിതജീവിതം നയിക്കുന്നത്. 2022 ലാണ് അജിതയുടെ വീടിനുസമീപം നിന്ന വന്മരം കടപഴുകി വീടിനുമുകളിലേക്ക് വീണത്. ഇതിന്റെ ആഘാതത്തില്‍ മേല്‍ക്കൂരയ്ക്ക് വിള്ളല്‍ സംഭവിക്കുകയും അടുക്കളയും ശൗചാലയവും തകരുകയും ചെയ്തു.
ഇതോടെ കുടുംബത്തിന് വീടിനുള്ളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയായി. വീട് നന്നാക്കാന്‍ ട്രൈബല്‍ വകുപ്പ് ഒരുലക്ഷം രൂപ അനുവദിച്ചു. പിന്നീട് ഈ തുക പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് ജനപ്രതിനിധിയുടെ മുമ്പാകെ കൈമാറുകയും ചെയ്തു. തുടര്‍ന്ന് കുറച്ച് അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്ത് കരാറുകാരന് മുങ്ങുകയായിരുന്നു. ഇതോടെ കുടുംബത്തിന്റെ ജീവിതം സമീപത്തെ പൊളിച്ച വീടിന്റെ തറയില്‍ കെട്ടിയുയര്‍ത്തിയ പ്ലാസ്റ്റിക് കൂരയ്ക്കുള്ളിലായി.
ഇവിടെയാണ് അജിതയും ഭര്‍ത്താവ് ഷിബുവും മകന് ആദിത്യനും കഴിഞ്ഞുകൂടുന്നത്. വന്യജീവികള്‍ വിഹരിക്കുന്ന വനത്തിനോട് ചേര്‍ന്ന് യാതൊരുസുരക്ഷിതത്വവുമില്ലാതെയാണ് ഈ കുടുംബം കഴിയുന്നത്. നിരവധിതവണ കരാറുകാരനെ ജനപ്രതിനിധികളും കുടുംബവും ട്രൈബല്‍വകുപ്പും ബന്ധപ്പെട്ടിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കാരാറുകാരന് തയാറായിട്ടില്ല. ട്രൈബല്‍, തദ്ദേശവകുപ്പുകള്‍ അടിയന്തരമായി ഇടപെടല്‍ നടത്തി വീട് വാസയോഗ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags : Local News Nattuvishesham Wayanad