നഗരസഭ വാഹനങ്ങൾ കാട് പിടിച്ച ഭൂമിയിൽ ഉപേക്ഷിച്ച നിലയിൽ
ആറ്റിങ്ങൽ: നഗരസഭ വാഹനങ്ങൾ കാടുപിടിച്ച ഭൂമിയിൽ ഉപേക്ഷിച്ച നിലയിൽ. നഗരസഭയുടെ ഹൗസിംഗ് കോളനി വളപ്പിലാണ് വാഹനങ്ങൾ തുരുമ്പെടുത്തു നശിക്കുന്നത്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നഗരസഭ വാങ്ങിയതും നഗരസഭയ്ക്കു സംഭാവനയായി കിട്ടിയതുമായ വാഹനങ്ങളാണു തുരുന്പെടുത്തു നശിക്കുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിനായി വാങ്ങിയ നിരവധി വാഹനങ്ങൾ, പൃഥ്വിരാജ് ഫാൻസ് അസോസിയേഷനു വേണ്ടി സ്വയംവര സംഭാവന നൽകിയ ആംബുലൻസ് തുടങ്ങിയ വാഹനങ്ങളും ഇതിലുൾപ്പെടും.
കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമാകുന്ന വാഹനങ്ങൾ ലേലം ചെയ്തു നൽകി ലഭ്യമാകുന്ന തുക നഗരസഭയുടെ ആസ്തിയിൽ വരവ് വയ്ക്കേണ്ടതാണ്. അതിനു ശ്രമിക്കാതെ നിശ്ചിതകാലം കഴിയുന്ന വാഹനങ്ങൾ നഗരസഭ ഈ ഭൂമിയിൽ ഉപേക്ഷിക്കുകയാണ്. വാഹനങ്ങളുടെ ഭാഗങ്ങൾ ഓരോന്നായി അടർത്തിയെടുത്ത് ആക്കിക്കടകളിൽ വിൽക്കുന്നവരും ഇവിടെ സജീവമാണ്. ആക്രി വിലയ്ക്ക് ലേലം ചെയ്താലും നഗരസഭയ്ക്ക് നല്ലൊരു തുക വാഹനങ്ങളിൽനിന്ന് കണ്ടെത്താനാകും. എന്നാൽ നഗരസഭയുടെ ആസ്തി ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല.
Tags : NattuVishasham DistrictNews