മൂവാറ്റുപുഴ: നഗരത്തെ ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും മാതൃകയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ക്ലീന്‍ സിറ്റി മൂവാറ്റുപുഴ ശുചീകരണ കാമ്പയിന്റെ ഭാഗമായി മാലിന്യം തള്ളുന്നവര്‍ക്കെതിരേ പിഴ നടപടികള്‍ ആരംഭിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ ചുമത്തുന്ന നടപടികള്‍ ആരംഭിച്ചതായും ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു. മാലിന്യം തള്ളുന്ന ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി നിയമലംഘനങ്ങള്‍ തടയുന്നതിന് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് വിവിധ വാര്‍ഡുകളില്‍ പരിശോധന നടത്തും.
ആവര്‍ത്തിച്ച് മാലിന്യം തള്ളുന്ന സ്ഥലങ്ങള്‍ ശുചീകരിക്കുന്നതിനൊപ്പം അവ വീണ്ടും മാലിന്യക്കൂമ്പാരങ്ങളാകാതിരിക്കാന് നിരന്തര നിരീക്ഷണവും ഉറപ്പാക്കും. പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ പുഴകളിലോ മാലിന്യമോ മലിനജലമോ തള്ളുന്നതും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരേയും നടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 5,000 മുതല്‍ 50,000 വരെ പിഴയും നിയമപ്രകാരമുള്ള മറ്റ് നടപടികളുമുണ്ടാകും.
മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും നഗരത്തിന്റെ ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. മാലിന്യം നിയമവിരുദ്ധമായി നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭ ഓഫീസ്: 0485 283 5347, സെക്രട്ടറി: 94478 21957, ചെയര്‍പേഴ്സണ്‍: 86061 88555, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍: 90372 77142 എന്നിവയിൽ നാട്ടുകാര്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതോടെ നഗരസഭ ആവശ്യമായ പരിശോധനയും നിയമനടപടികളും സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam