അടിമാലി: ടൗണിലെ ഓടകൾ ശുചിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത സ്ലാബുകൾ പുനഃസ്ഥാപിക്കുന്നതിലെ അപാകത അപകടക്കെണിയൊരുക്കുന്നു. കഴിഞ്ഞ ദിവസം നടപ്പാതയിൽ അലക്ഷ്യമായിട്ടിരിക്കുന്ന സ്ലാബിൽ തട്ടിവീണു യാത്രക്കാരിക്ക് പരിക്കേറ്റു.
കല്ലാർകുട്ടി റോഡിൽ ലൈബ്രറി റോഡിന് സമീപമാണ് സ്ലാബിൽ തട്ടി യാത്രക്കാരി വീണത്. നടപ്പാതയായി ഉപയോഗിച്ചുവരുന്ന സ്ലാബുകളാണ് രണ്ടാഴ്ച മുമ്പ് ഓട വൃത്തിയാക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റിയത്.
ഇളക്കിമാറ്റിയപ്പോൾ ഒടിഞ്ഞതും തകർത്തതുമായ സ്ലാബുകൾ വീണ്ടും ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഇവ ഉറപ്പിക്കാത്തതും അപകടങ്ങൾക്കു കാരണമാകുകയാണ്.
താലൂക്ക് ആശുപത്രി പരിസരം, മാതാ ജംഗ്ഷൻ, മുസ്ലിം പള്ളിയുടെ മുൻവശം, ബസ് സ്റ്റാൻഡ് ജംഗ്ഷൻ മുതൽ സഫയർ ഹോട്ടൽ വരെയുള്ള സ്ഥലങ്ങളിലെ സ്ലാബുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
ദിവസേന നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന നടപ്പാതയിലെ സ്ലാബുകൾ കൃത്യമായി പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
Tags : Cleaning Nattuvishesham District News