പ്രതീകാത്മക ചിത്രം
അകലക്കുന്നം: പൊതു നിരത്തുകളിലുൾപ്പെടെ കാഞ്ഞിരമറ്റം, തെക്കുംതല, ക്ടാക്കുഴി പ്രദേശങ്ങളിൽ ജനജീവിതത്തിന് ഭീഷണിയാകുന്ന തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടു ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാൻ കേരള കോൺഗ്രസ് -എം നേതൃയോഗം തീരുമാനിച്ചു. സമീപകാലത്ത് കാഞ്ഞിരമറ്റത്തും പരിസരപ്രദേശങ്ങളിലും പേപ്പട്ടിശല്യം ഉണ്ടാവുകയും പേപിടിച്ച നായ ഈ ഭാഗത്തുകൂടെ പരിഭ്രാന്തി പരത്തി കടന്നുപോകുകയും ചെയ്തിരുന്നു.
ആൾതാമസമില്ലാത്ത വീടുകളിലും കാടായി മാറിയ പുരയിടങ്ങളിലും വലിയ തോതിലുള്ള കുറുനരികളും ഈ ഭാഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അടുത്ത ദിവസം ഒരു പശുക്കിടാവിന് പേരോഗബാധ സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന് ദയാവധം നടത്തി മറവുചെയ്യേണ്ടതായും വന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സംരക്ഷണം നൽകാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജെയ്മോൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം മാത്തുക്കുട്ടി ഞായർകുളം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡാന്റീസ് കൂനാനിക്കൽ, ജേക്കബ് തോമസ് താന്നിക്കൽ, മേരിക്കുട്ടി ടീച്ചർ, സുനിജാ രാജു, ജോർജ്കുട്ടി കുന്നപ്പള്ളി, റോയി ഇടിയാകുന്നേൽ, ടോമി മുടന്തിയാനി തുടങ്ങിയവർ പ്രസംഗിച്ചു.