ചെറുവള്ളിപ്പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ.
കാഞ്ഞിരപ്പള്ളി: ചെറുവള്ളി പ്രദേശവാസികളുടെ അഞ്ചു വർഷമായുള്ള കാത്തിരിപ്പിന് വിരാമമായി ചെറുവള്ളിപ്പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. മണിമലയാറിന് കുറുകേയുള്ള പാലത്തിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്.
പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയെയും മണിമല - പഴയിടം റോഡിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് ഇതോടെ സാധ്യമാകുന്നത്. പുതിയ പാലം നിര്‍മിക്കുന്നതിന് ഒൻപതുകോടി 61 ലക്ഷം രൂപയുടെ സാങ്കേതികാനുമതി അന്ന് കാഞ്ഞിരപ്പള്ളി എംഎൽഎയായിരുന്ന ഡോ. എന്‍. ജയരാജ് നേടിയെടുക്കുകയായിരുന്നു.
2021ലെ പ്രളയത്തില്‍ നശിച്ചുപോയ ഇറിഗേഷന്വക നടപ്പാലത്തിന് പകരമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വലിയ പാലമാണ് നിര്‍മിക്കുന്നത്. പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായതായും നിലവിൽ ഫുട്പാത്തിന്റെയും കൈവരികളുടെയും നിർമാണം നടന്നുവരുന്നതായും പാലത്തിന്റെ കോൺട്രാക്ടറായ കെ.എച്ച്. അലി പറഞ്ഞു. ഇനി അപ്രോച്ച് റോഡിന്റെയും റീടെയ്നിംഗ് വാളിന്റെയും നിർമാണങ്ങളാണ് ബാക്കിയുള്ളത്. ഡിസംബറിൽ പാലം തുറന്നുനൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 11 മീറ്റര്‍ വീതിയിലും 83 മീറ്റര്‍ നീളത്തിലുമുള്ള വലിയ പാലമാണ് നിര്‍മിക്കുന്നത്.
1970 കാലഘട്ടത്തില്നിര്മിച്ച നടപ്പാലം വാഹനഗതാഗതത്തിന് ഉപയോഗിക്കാന്‍ സാധ്യമല്ലായിരുന്നു. രണ്ടു മീറ്ററില്‍ താഴെ മാത്രം വീതിയുളള പാലത്തിലൂടെ പരമാവധി ഓട്ടോറിക്ഷ മാത്രമാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്.
പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വലിയ വാഹനങ്ങളടക്കം ഇതുവഴി സഞ്ചരിക്കാനാകും. റാന്നി ഭാഗത്തുനിന്നു പ്ലാച്ചേരി, പൊന്തൻപുഴവഴി എത്തുന്ന വാഹനങ്ങൾക്ക് കരിക്കാട്ടൂരിൽനിന്നു തിരഞ്ഞു മണിമല ടൗണിലെത്താതെ ചെറുവള്ളി പള്ളിപ്പടിയിലെത്തി പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകാൻ കഴിയും.