x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​ഴ​ക്ക​ട​ലി​ല്‍​ തീ​ര​ദേ​ശ ജ​ന​ത​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും

സ​ന്ദീ​പ് സ​ലിം
Published: July 28, 2026 01:13 AM IST | Updated: July 28, 2026 01:13 AM IST

ഫൈ​ബ​ര്‍ വ​ള്ള​ങ്ങ​ളി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍

കൊ​ല്ലം ജി​ല്ല​യി​ലെ തീ​ര​ദേ​ശ​ജ​ന​ത​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഇ​ന്ന് വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​ടെ ത​ക​ര്‍​ച്ച​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഇ​വ​രു​ടെ ജീ​വി​തം ക​ഠി​ന​മാ​ക്കി​യി​രി​ക്കു​ന്നു. ത​ങ്ക​ശേ​രി ബി​ഷ​പ്പ് ഹൗ​സി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​ക​ളി​ലും ഈ ​വി​ഷ​യ​ങ്ങ​ള്‍ നി​ര​ന്ത​രം ച​ര്‍​ച്ച​യാ​കാ​റു​ണ്ട്.

ക​ട​ലാ​ക്ര​മ​ണ​വും തീ​ര​ശോ​ഷ​ണ​വും

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള ക​ട​ല്‍​ക്ഷോ​ഭ​വും അ​ശാ​സ്ത്രീ​യ​മാ​യ ക​ട​ല്‍ നി​ര്‍​മി​തി​ക​ളും കാ​ര​ണം കൊ​ല്ല​ത്തെ പ്ര​ധാ​ന തീ​ര​ങ്ങ​ളി​ല്‍ വ​ലി​യ തോ​തി​ല്‍ തീ​ര​ശോ​ഷ​ണം സം​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​ര​വി​പു​രം, മു​ണ്ട​യ്ക്ക​ല്‍, ത​ങ്ക​ശേ​രി, അ​ഴീ​ക്ക​ല്‍, ആ​ല​പ്പാ​ട് തു​ട​ങ്ങി​യ കൊ​ല്ല​ത്തെ പ്ര​ധാ​ന തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം കാ​ര​ണം നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളാ​ണ് ത​ക​രു​ക​യോ ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യോ ചെ​യ്യു​ന്ന​ത്. പ​ല​ര്‍​ക്കും ത​ങ്ങ​ളു​ടെ ത​ല​മു​റ​ക​ളാ​യു​ള്ള സ​മ്പാ​ദ്യം പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്നു. തീ​ര​ശോ​ഷ​ണം കാ​ര​ണം വ​ള്ള​ങ്ങ​ളും വ​ല​ക​ളും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ലം (തീ​രം) ഇ​ല്ലാ​താ​കു​ന്നു. ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​കു​മ്പോ​ള്‍ വ​ള്ള​ങ്ങ​ള്‍ ഇ​റ​ക്കാ​നോ അ​ടു​പ്പി​ക്കാ​നോ ക​ഴി​യാ​തെ വ​രു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​ന​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ന്നു. കാ​ല​വ​ര്‍​ഷം ക​ടു​ക്കു​ന്ന​തോ​ടെ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് വീ​ടു​ക​ള്‍ ഉ​പേ​ക്ഷി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റേ​ണ്ടി വ​രു​ന്നു. ഇ​ത് അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. തീ​ര​ത്തോ​ടു ചേ​ര്‍​ന്നു കി​ട​ക്കു​ന്ന റോ​ഡു​ക​ള്‍ ക​ട​ലെ​ടു​ത്തു പോ​കു​ന്ന​ത് പ്ര​ദേ​ശ​ത്തെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളെ​യും വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളെ​യും ഇ​ല്ലാ​താ​ക്കു​ന്നു. തീ​ര​ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളെ​യും വി​ദ​ഗ്ദ്ധ​രാ​യ സ​മു​ദ്ര​ശാ​സ്ത്ര​ജ്ഞ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ളി​ലൂ​ടെ മാ​ത്ര​മേ ജി​ല്ല​യു​ടെ തീ​ര​ങ്ങ​ളെ​യും അ​വി​ടു​ത്തെ മ​നു​ഷ്യ​രെ​യും സം​ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കൂ. മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളും വ​ല​ക​ളും സു​ര​ക്ഷി​ത​മാ​യി പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ലോ​ക്ക​ര്‍ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഫി​ഷിം​ഗ് ഹാ​ര്‍​ബ​റു​ക​ളു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തും തീ​ര​ശോ​ഷ​ണ​ത്തെ​യും ക​ട​ലാ​ക്ര​മ​ണ​ത്തെ​യും നേ​രി​ടാ​നാ​വും.

തീ​ര​ക്ക​ട​ല്‍ ഖ​ന​ന ഭീ​ഷ​ണി

ജി​ല്ല​യി​ല്‍ തീ​ര​ക്ക​ട​ല്‍ ഖ​ന​ന ഭീ​ഷ​ണി വ​ള​രെ ശ​ക്ത​മാ​യി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ ച​വ​റ, ആ​ല​പ്പാ​ട്, പൊ​ന്മ​ന തു​ട​ങ്ങി​യ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ര​യി​ല്‍ ക​രി​മ​ണ​ല്‍ ഖ​ന​നം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ല്‍, സ​മീ​പ​കാ​ല​ത്ത് ആ​ഴ​ക്ക​ട​ല്‍/​തീ​ര​ക്ക​ട​ല്‍ മ​ണ​ല്‍ ഖ​ന​ന​ത്തി​നാ​യു​ള്ള കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റിന്‍റെ നീ​ക്ക​ങ്ങ​ള്‍ വ​ലി​യ ആ​ശ​ങ്ക​ക​ള്‍​ക്കും വ​ലി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു​മാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ലം തീ​ര​ക്ക​ട​ലി​ലെ നി​ശ്ചി​ത ബ്ലോ​ക്കു​ക​ളി​ല്‍ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ സം​ഘ​ട​ന​ക​ളും ഒ​ന്ന​ട​ങ്കം സ​മ​ര​രം​ഗ​ത്താ​ണ്. ക​ട​ല്‍​ത്തീ​ര​ത്തി​ന് പ്ര​കൃ​തി​ദ​ത്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ന്ന​ത് അ​വി​ടു​ത്തെ മ​ണ​ല്‍​ത്തി​ട്ട​ക​ളാ​ണ്. ക​ട​ലി​ല്‍ നി​ന്ന് മ​ണ​ല്‍ മാ​റ്റു​മ്പോ​ള്‍ രൂ​പ​പ്പെ​ടു​ന്ന ആ​ഴ​മേ​റി​യ കു​ഴി​ക​ള്‍ നി​ക​ത്താ​ന്‍ തീ​ര​ത്തെ മ​ണ​ല്‍ വ​ലി​യ തോ​തി​ല്‍ ക​ട​ലി​ലേ​ക്ക് ഒ​ലി​ച്ചു​പോ​കും. ഇ​ത് തീ​രം ഇ​ല്ലാ​താ​കു​ന്ന​തി​ന്‍റെ വേ​ഗ​ത വ​ര്‍​ധി​പ്പി​ക്കും. കൊ​ല്ലം തീ​ര​ക്ക​ട​ലി​ലെ 'കൊ​ല്ലം പ​ര​പ്പ്' പോ​ലു​ള്ള ഭാ​ഗ​ങ്ങ​ള്‍ വാ​ണി​ജ്യ പ്രാ​ധാ​ന്യ​മു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ധാ​ന പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ളാ​ണ്. ക​ട​ല​ടി​ത്ത​ട്ട് തു​ര​ന്നു​ള്ള ഖ​ന​നം മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും മു​ട്ട​യി​ട​ല്‍ കേ​ന്ദ്ര​ങ്ങ​ളെ​യും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ക്കും. മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യു​ന്ന​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന പ​ര​മ്പ​രാ​ഗ​ത-​യ​ന്ത്ര​വ​ല്‍​കൃ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും വ​രു​മാ​ന​വും ഇ​ല്ലാ​താ​കും. സ്വാ​ഭാ​വി​ക മ​ണ​ല്‍​ത്തി​ട്ട​ക​ള്‍ ഇ​ല്ലാ​താ​കു​ന്ന​ത് വ​ഴി വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ല്‍ ക​ട​ല്‍​വെ​ള്ളം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റും. കൂ​ടാ​തെ, തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റി കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​ക്കും. ഇ​തി​ന​കം ത​ന്നെ ക​രി​മ​ണ​ല്‍ ഖ​ന​നം മൂ​ലം ആ​ല​പ്പാ​ട്, പൊ​ന്മ​ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ വ​ലി​യൊ​രു ഭാ​ഗം ക​ട​ലെ​ടു​ത്തു ക​ഴി​ഞ്ഞു. തീ​ര​ക്ക​ട​ല്‍ ഖ​ന​നം കൂ​ടി ഉ​ണ്ടാ​യാ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ ഭൂ​പ​ട​ത്തി​ല്‍​നി​ന്ന് ത​ന്നെ ഇ​ല്ലാ​താ​യേ​ക്കാം.

വ​ലി​യ ക​പ്പ​ലു​ക​ളു​ടെ​ ക​ട​ന്നു​ക​യ​റ്റം

ക​ട​ലി​ലെ സ​മ്പ​ത്ത് വ​ന്‍​കി​ട കോ​ര്‍​പ്പ​റേ​റ്റു​ക​ളും വി​ദേ​ശ ട്രോ​ള​റു​ക​ളും കൊ​ള്ള​യ​ടി​ക്കു​മ്പോ​ള്‍, നൂ​റ്റാ​ണ്ടു​ക​ളാ​യി ക​ട​ലി​നെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന കൊ​ല്ല​ത്തെ യ​ഥാ​ര്‍​ഥ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. കൃ​ത്യ​മാ​യ നി​യ​മ​നി​ര്‍​മാ​ണ​ത്തി​ലൂ​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യും മാ​ത്ര​മേ ഈ ​പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ക്കൂ. നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര തു​ട​ങ്ങി​യ കൊ​ല്ല​ത്തെ പ്ര​മു​ഖ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​ത് ബാ​ധി​ക്കു​ന്നു. മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​ത് തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ മൊ​ത്തം സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ​യും ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു.

വി​ദേ​ശ ട്രോ​ള​റു​ക​ള്‍ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ട് വ​രെ ചൂ​ഴ്‌​ന്നെ​ടു​ക്കു​ന്ന ബോ​ട്ടം ട്രോ​ളിം​ഗ് പോ​ലു​ള്ള രീ​തി​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ളും പ​വി​ഴ​പ്പു​റ്റു​ക​ളും ന​ശി​പ്പി​ക്കു​ന്നു. ചെ​റി​യ മീ​നു​ക​ളെ​യും മു​ട്ട​ക​ളെ​യും വ​രെ ഈ ​വ​ന്‍​കി​ട ബോ​ട്ടു​ക​ള്‍ വ്യാ​പ​ക​മാ​യി പി​ടി​കൂ​ടു​ന്ന​തി​നാ​ല്‍ ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് വേ​ഗ​ത്തി​ല്‍ കു​റ​യു​ന്നു. ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ന്നു. വ​ലി​യ ക​പ്പ​ലു​ക​ള്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വ​ലി​യ അ​ള​വി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ ഒ​രു​മി​ച്ച് പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ല്‍, തീ​ര​ത്തോ​ട് അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്നു. വ​ലി​യ തു​ക മു​ട​ക്കി ക​ട​ലി​ല്‍ പോ​കു​ന്ന കൊ​ല്ല​ത്തെ ചെ​റു​കി​ട വ​ള്ള​ക്കാ​ര്‍​ക്ക് പ​ല​പ്പോ​ഴും ഇ​ന്ധ​ന​ച്ചെ​ല​വ് പോ​ലും തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ണ്ടാ​കു​ന്ന​ത്. ഉ​ള്‍​ക്ക​ട​ലി​ല്‍ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വി​രി​ച്ചി​ടു​ന്ന വി​ല​കൂ​ടി​യ വ​ല​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും വ​ലി​യ ക​പ്പ​ലു​ക​ളും ട്രോ​ള​റു​ക​ളും ക​യ​റി ന​ശി​ച്ചു​പോ​കു​ന്ന​ത് പ​തി​വാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ലും മൂ​ട​ല്‍​മ​ഞ്ഞു​ള്ള​പ്പോ​ഴും വ​ലി​യ ക​പ്പ​ലു​ക​ള്‍ ചെ​റു​കി​ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ വ​ന്നി​ടി​ച്ച് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. മു​ന്‍​പ് കൊ​ല്ലം തീ​ര​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ക​പ്പ​ലു​ക​ള്‍ വ​ള്ള​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മരിച്ച സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ കു​റ​വ്

ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും തീ​ര​ദേ​ശ സ​മ്പ​ദ്വ്യ​വ​സ്ഥ​യെ​യും ആ​ഴ​ത്തി​ല്‍ ബാ​ധി​ക്കു​ന്ന മൂ​ന്ന് പ്ര​ധാ​ന ഭീ​ഷ​ണി​ക​ളാ​ണ് പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം, ആ​ഗോ​ള​താ​പ​നം, അ​ശാ​സ്ത്രീ​യ​മാ​യ ട്രോ​ളിം​ഗ് എ​ന്നി​വ. ഈ ​മൂ​ന്ന് ഘ​ട​ക​ങ്ങ​ളും ഒ​ന്നി​ച്ച് ചേ​രു​മ്പോ​ള്‍ കൊ​ല്ല​ത്തെ തീ​ര​ദേ​ശ ജ​ന​ത​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത ത​ക​രു​ക​യും, പു​തി​യ ത​ല​മു​റ ഈ ​തൊ​ഴി​ലി​ല്‍ നി​ന്ന് പി​ന്തി​രി​യാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യും ചെ​യ്യു​ന്നു. ക​ട​ലി​നെ സം​ര​ക്ഷി​ക്കാ​ന്‍ ക​ര്‍​ശ​ന​മാ​യ നി​യ​മ​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യ പ​രി​പാ​ല​ന​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. കൊ​ല്ലം ന​ഗ​ര​ത്തി​ല്‍​നി​ന്നും അ​ഷ്ട​മു​ടി കാ​യ​ലി​ല്‍​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര, ത​ങ്ക​ശേ​രി തു​ട​ങ്ങി​യ തീ​ര​ങ്ങ​ളി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ വ​ല​യി​ടു​മ്പോ​ള്‍ മീ​നു​ക​ള്‍​ക്ക് പ​ക​രം ട​ണ്‍ ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും കു​ടു​ങ്ങു​ന്ന​ത്. ഇ​ത് വ​ല​ക​ള്‍ പൊ​ട്ടി​പ്പോ​കാ​നും വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കാ​നും കാ​ര​ണ​മാ​കു​ന്നു. പ്ലാ​സ്റ്റി​ക് ക​ഷ​ണ​ങ്ങ​ള്‍ ആ​ഹാ​ര​മാ​ക്കു​ന്ന ക​ട​ലാ​മ​ക​ളും മ​ത്സ്യ​ങ്ങ​ളും ച​ത്തു​പൊ​ങ്ങു​ന്നു. പ്ലാ​സ്റ്റി​ക് വി​ഘ​ടി​ച്ചു​ണ്ടാ​കു​ന്ന 'മൈ​ക്രോ​പ്ലാ​സ്റ്റി​ക്‌​സ്' മ​ത്സ്യ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് വ​ഴി അ​വ​യു​ടെ പ്ര​ജ​ന​ന ശേ​ഷി കു​റ​യു​ക​യും ക​ട​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

പ്ലാ​സ്റ്റി​ക് അ​ടി​ഞ്ഞു​കൂ​ടി തീ​ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ള്‍ ന​ശി​ക്കു​ന്ന​തി​നാ​ല്‍ ചെ​റു​കി​ട വ​ള്ള​ക്കാ​ര്‍​ക്ക് ക​ട​ലി​ല്‍ കൂ​ടു​ത​ല്‍ ദൂ​രം പോ​കേ​ണ്ടി വ​രു​ന്നു. ഇ​ത് ഇ​ന്ധ​ന​ച്ചെ​ല​വ് വ​ര്‍​ധി​പ്പി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ കൊ​ല്ല​ത്തെ നീ​ണ്ട​ക​ര​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യ "ശു​ചി​ത്വ സാ​ഗ​രം' വ​ലി​യൊ​രു മാ​തൃ​ക​യാ​ണ്. ക​ട​ലി​ല്‍ വ​ല​യി​ല്‍ കു​ടു​ങ്ങു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ തി​രി​കെ ക​ര​യി​ലെ​ത്തി​ച്ച് റീ​സൈ​ക്ലിം​ഗി​ന് ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ആ​ഗോ​ള​താ​പ​നം കാ​ര​ണം അ​റ​ബി​ക്ക​ട​ലി​ലെ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് കൊ​ല്ല​ത്തെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു. താ​പ​നി​ല കൂ​ടു​മ്പോ​ള്‍ കേ​ര​ള തീ​ര​ത്ത് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന മ​ത്തി (ചാ​ള), അ​യ​ല തു​ട​ങ്ങി​യ ജ​ന​പ്രി​യ മ​ത്സ്യ​ങ്ങ​ള്‍ ത​ണു​പ്പു​ള്ള മ​റ്റ് ക​ട​ല്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റു​ന്നു. കൊ​ല്ല​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സാ​യ മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ല്‍ അ​ടു​ത്ത കാ​ല​ത്ത് വ​ലി​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക​ട​ല്‍ ചൂ​ടാ​കു​ന്ന​ത് ഒ​ക്ടോ​ബ​ര്‍-​ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര​മാ​യ ന്യൂ​ന​മ​ര്‍​ദ​ങ്ങ​ള്‍​ക്കും ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍​ക്കും കാ​ര​ണ​മാ​കു​ന്നു. ക​ട​ലി​ല്‍ പോ​കാ​ന്‍ ക​ഴി​യു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് ഇ​വ​രു​ടെ വ​രു​മാ​ന​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ന്നു.

നാളെ: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വും സ​ബ്സി​ഡി കു​റ​വും

 

Tags : Coastal Communities NattuVishasham DistrictNews

Recent News

Corehub Up