കുറവിലങ്ങാട്: മാർത്തോമ്മാ നസ്രാണികളുടെ ആദ്യ തദ്ദേശീയ മെത്രാൻ മാർ പറമ്പിൽ ചാണ്ടിയുടെ ഓർമകൾ ഇന്ന് 340-ാം വർഷത്തിലേക്ക്.
ചാണ്ടിമെത്രാൻ അന്ത്യവിശ്രമം കൊള്ളുന്ന കുറവിലങ്ങാട് ചാണ്ടിമെത്രാന്റെ ചരമ ത്രിശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങിത്തുടങ്ങി. അർക്കദിയാക്കോൻ പദവിയിൽ പുകൾപെറ്റ മണ്ണിൽ ആദ്യ തദ്ദേശമെത്രാന്റെ സ്മരണകൾ ഇരമ്പിയാർത്ത് അനുസ്മരണ വാർഷികത്തലേന്ന് പ്രത്യേക പ്രാർഥനാശുശ്രൂഷകൾ നടത്തി. ഇന്നു രാവിലെ വിശുദ്ധ കുർബാനയും അനുസ്മരണ പ്രാർഥനകളും നടത്തും.
കേരള സഭാചരിത്രത്തിലെ സങ്കീർണഘട്ടങ്ങളിൽ സഭയ്ക്കു ധീരമായ നേതൃത്വം നൽകിയ പറമ്പിൽ (പള്ളിവീട്ടിൽ) ചാണ്ടിമെത്രാൻ കുറവിലങ്ങാട് കത്തീഡ്രലാക്കിയാണ് സഭാഭരണത്തിനു നേതൃത്വം നൽകിയിരുന്നത്.
ഇന്ത്യ മുഴുവന്റെയും മെത്രാൻ എന്നാണ് അദ്ദേഹം ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ചിരുന്നത്. അലക്സാണ്ടർ ദ കാമ്പോ എന്നാണ് പോർച്ചുഗീസുകാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. 1638ൽ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ദീർഘകാലം (1663 വരെ) കുറവിലങ്ങാട് പള്ളി വികാരിയായിരുന്നു. ചെറിയ പള്ളി, പഴയ പള്ളി, വലിയപള്ളി, സെമിത്തേരിപ്പള്ളി ഇവയെല്ലാം പണിതത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്.
ബിഷപ് മാർ സെബസ്ത്യാനിയിൽനിന്ന് 1663 ഫെബ്രുവരി ഒന്നിനാണ് മെത്രാൻപട്ടം സ്വീകരിച്ചത്. അദ്ദേഹം 1687 ജനുവരി രണ്ടിനാണ് കാലം ചെയ്തത്. ഇപ്പോഴത്തെ കുറവിലങ്ങാട് വലിയ പള്ളി മാർ പറമ്പിലിന്റെ കത്തീഡ്രലും ചെറിയപള്ളി സ്വകാര്യ പ്രാർഥനാലയവുമായിരുന്നു.
ചാണ്ടിമെത്രാന്റെ ഭരണകാലയളവിൽ കുറവിലങ്ങാട് ഇടവകയുടെ കീഴിൽ 18 പള്ളികളാണ് ഉണ്ടായിരുന്നത്. മാർത്തോമ്മാ നസ്രാണി സഭയുടെ കത്തീഡ്രലായി കുറവിലങ്ങാടിന് അതുല്യഭാഗ്യം സമ്മാനിച്ച പറമ്പിൽ ചാണ്ടിമെത്രാന്റെ പൂർണകായ പ്രതിമ ഇടവക പള്ളിയിലേക്കുള്ള പ്രവേശനഭാഗത്തുതന്നെ സ്ഥാപിച്ചിട്ടുണ്ട്.
കുറവിലങ്ങാട് പള്ളിയുടെ മദ്ബഹയിലാണ് ചാണ്ടിമെത്രാന്റെ കബറിടം സ്ഥിതിചെയ്യുന്നത്. ചരിത്രാന്വേഷികളും ഗവേഷകരുമടക്കം ആദ്യ തദ്ദേശീയ മെത്രാന്റെ കബറിടംതേടി കുറവിലങ്ങാട്ട് എത്താറുണ്ട്.