ഉള്ളൂര്‍: മെഡിക്കല്‍ കോളജ് മഞ്ചാടി വെടല നഗര്‍ ഭാഗത്തെ അശാസ്ത്രീയമായ ഓടനിര്‍മാണത്തെക്കുറിച്ച് വ്യാപകമായ പരാതി. ഇതു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്
ഓടനിര്‍മ്മാണം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്നും അതുകൊണ്ട് നിര്‍മ്മാണം എത്രയും വേഗം നിര്‍ത്തിവച്ച് ശാസ്ത്രീയമായ നിര്‍മാണരീതികള്‍ ആരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
മെഡിക്കല്‍ കോളജ് - മഞ്ചാടി - കിംസ് റോഡിന്‍റെ പണിക്കായിട്ടാണ് വെടല നഗര്‍ ഭാഗത്ത് റോഡിനുകുറുകെ ഓടനിര്‍മ്മാണം ആരംഭിച്ചത്. ഓടനിര്‍മ്മാണം രണ്ടുഘട്ടങ്ങളിലായിട്ടാണ് നടന്നുവരുന്നത്.
ഇതിന്‍റെ ആദ്യഘട്ട നിര്‍മാണത്തില്‍ ഓടയ്ക്ക് ഉള്ളിലൂടെ കടന്നുപോകുന്ന നാലിഞ്ച്, മൂന്നിഞ്ച് വലുപ്പമുള്ള രണ്ട് പ്രധാന കുടിവെള്ള പൈപ്പ് ലൈനുകളും ഇതേ വലുപ്പത്തിലുള്ള ഒരു കേബിളും മാറ്റിസ്ഥാപിക്കാതെയാണ് നിലവില്‍ അവയ്ക്ക് മുകളിലായി സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്.
ഇനി ഇതിനുമുകളില്‍ സിമന്റിട്ട് ടാര്‍ ചെയ്യുന്ന പണി മാത്രമാണ് അവശേഷിക്കുന്നത്. മറ്റു ഭാഗങ്ങളില്‍ നിന്ന് മഞ്ചാടിറോഡിലേക്ക് വെള്ളം ഉള്‍പ്പെടെ ഒഴുകി വരുന്ന ഈ ഓടയ്ക്കുള്ളില്‍ വിലങ്ങനെ പൈപ്പുകള്‍ കിടക്കുന്നത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ഒഴുകിവരുന്ന മാലിന്യങ്ങള്‍ പൈപ്പുകളില്‍ തടഞ്ഞുനിന്ന് ഓട പൂര്‍ണമായും അടഞ്ഞുപോകാന്‍ ഇത് കാരണമാകും. കൂടാതെ ശക്തമായ മഴക്കാലത്ത് അമിതമായി ഒഴുക്കുണ്ടാകുകയും കുടിവെള്ള പൈപ്പുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടാകുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ അത് കണ്ടെത്താനും അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനും കാലതാമസമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
ഏറ്റവും ഗൗരവകരമായ വിഷയം ഓടയ്ക്കുള്ളില്‍ വെച്ച് പൈപ്പ് പൊട്ടിയാല്‍ മലിനജലവും മാലിന്യങ്ങളും ബാക്ടീരിയകളും കുടിവെള്ളത്തില്‍ നേരിട്ട് കലരും എന്നതാണ്. സംസ്ഥാനത്ത് നിലവില്‍ ഷിഗല്ല, അമീബിക് മസ്തിഷ്‌ക ജ്വരം തുടങ്ങിയ ഗുരുതരമായ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു അവസ്ഥയുണ്ടായാല്‍ അതു പ്രദേശവാസികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
കുടിവെള്ള പൈപ്പുകള്‍ കടന്നുപോകുന്ന ഭാഗങ്ങളിലൊക്കെ ഇതു പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും. ഇത് വലിയൊരു പൊതുജനാരോഗ്യ ദുരന്തത്തിന് വഴിവെയ്ക്കും. പി പൂർത്തിയായി ടാര്‍ ചെയ്തു കഴിഞ്ഞാല്‍ കുടിവെള്ള പൈപ്പുകള്‍ മാറ്റുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് നിലവിലെ ഓടനിര്‍മ്മാണം നിര്‍ത്തി ശാസ്ത്രീയമായ പണി ആരംഭിക്കണമെന്നതാണ് ആവശ്യം.
Tags : Complaint construction walkways