കായംകുളം: കരീലക്കുളങ്ങരയിലെ എൽമെക്സ് ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം യുവാവ് മരിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പത്തിയൂർ സ്വദേശി ന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആശുപത്രിക്കും ചികിത്സിച്ച ഡോക്ടർക്കുമെതിരേ കേസടുത്തത്.
ഹൃദയസ്തംഭനത്തെ തുടർന്ന് കഴിഞ്ഞ 14-നാണ് അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നില മെച്ചപ്പെട്ടപ്പോൾ ബന്ധുക്കളെ തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്തിരുന്നതായി കുടുംബം പറയുന്നു. എന്നാൽ പിന്നീട് രോഗി അക്രമാസക്തനായെന്ന് ആരോപിച്ച് ആശുപത്രി അധികൃതർ കൈകാലുകൾ ബന്ധിച്ച് മയക്കാൻ മരുന്ന് നൽകിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ആരോഗ്യനില മോശമായപ്പോൾ മറ്റൊരിടത്തേക്ക് മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ തയാറായില്ലെന്നും പരാതിയിലുണ്ട്.
അതേസമയം, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.
സംഭവത്തിൽ ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി. മരിച്ച അനൂപിന്റെ ഭാര്യ ഏഴ് മാസം ഗർഭിണിയാണ്.
രോഗിയുടെ ചികിത്സയിൽ ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
Tags : NattuVishesham DistrictNews