അടഞ്ഞുകിടക്കുന്ന അകമ്പാടത്തെ പെട്രോൾ പമ്പ്.
നിലമ്പൂർ: അകമ്പാടത്തെ പെട്രോൾ പമ്പിൽനിന്നd ഇന്ധനം നിറയ്ക്കാൻ എത്തുന്നവർ നിരാശരായി മടങ്ങുന്നു. പലരും പമ്പിന് മുന്നിൽ എത്തുമ്പോഴാണ് പമ്പ് അടഞ്ഞുകിടക്കുന്നത് കാണുന്നത്. ഇത് ഇപ്പോൾ പതിവ് കാഴ്ചയായി മാറുകയാണെന്നാണ് പരാതി. നിരവധി ആളുകൾ പതിവായി ഇന്ധനം നിറയ്ക്കാൻ എത്തുന്ന പമ്പാണ് പലപ്പോഴും അടഞ്ഞുകിടക്കുന്നത്.
ഇന്ധനക്ഷാമം മൂലം മാത്രമല്ല, ജീവനക്കാർ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ തയാറാകാത്തതുമാണ് പെട്രോൾ പമ്പ് പലപ്പോഴും അടച്ചിടാൻ ഇടയാക്കുന്നതെന്ന് പറയുന്നു. ഇന്ത്യൻ ഓയിൽ കമ്പനിയുടെ അകമ്പാടത്തെ പെട്രോൾ പമ്പാണ് ഇടയ്ക്കിടെ അടച്ചിടുന്നത്. ഇതുമൂലം വാഹനയാത്രക്കാർ വലയുകയാണ്. മുന്നറിയിപ്പില്ലാതെ പല ദിവസങ്ങളിലും പമ്പ് അടച്ചിടുന്നതിനാൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങൾ മടങ്ങുന്നത് പതിവാണ്. ഇന്ധനം ഉണ്ടെങ്കിലും പലപ്പോഴും ജീവനക്കാർ ഇല്ലാതെ പമ്പ് അടച്ചിടുന്നതും പതിവായിട്ടുണ്ട്.
നിലമ്പൂർ ഭാഗത്തുനിന്ന് കക്കാടംപൊയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരും അകമ്പാടം, ഇടിവണ്ണ, പെരുവമ്പാടം, മൂലേപ്പാടം, എരഞ്ഞിമങ്ങാട്, ആറംക്കോട്, കളക്കുന്ന് ഭാഗങ്ങളിൽനിന്ന് ഉൾപ്പെടെയുള്ളവരുമടക്കം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പെട്രോൾ പമ്പാണ് പല ദിവസങ്ങളിലും അടഞ്ഞുകിടക്കുന്നത്.
പെട്രോൾ പമ്പിന് മുന്നിൽ ലൈറ്റ് സൗകര്യമില്ലാത്തതിനാൽ ഇവിടെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനുള്ള രണ്ട് യൂണിറ്റുകളിൽ ഒന്ന് പ്രവർത്തനരഹിതമായിട്ട് ദിവസങ്ങളായെങ്കിലും അത് പ്രവർത്തന സജമാക്കിയിട്ടില്ല. ബാത്ത്റൂം സൗകര്യമുണ്ടെങ്കിലും അത് വൃത്തിഹീനമായി കിടക്കുന്നതിനാൽ ഉപയോഗശൂന്യവുമാണ്.
പെട്രോൾ പമ്പ് എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Tags : petrol pump remains closed frequently petrol pump NattuVishesham DistrictNews