പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച മിനി മാരത്തൺ.
മലപ്പുറം: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ വിഭാഗവും സംയുക്തമായി പൊതുജനങ്ങൾക്കായി മിനി മാരത്തൺ സംഘടിപ്പിച്ചു.
മലപ്പുറം ഗവണ്മെന്റ് കോളജ് മുതൽ കുന്നുമ്മൽ വരെയായിരുന്നു കൂട്ടയോട്ടം. കുട്ടികളുടെ സംരക്ഷണവും ക്ഷേമവും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നൂറോളം പേർ പങ്കെടുത്ത മിനി മാരത്തണിന്റെ ഔദ്യോഗിക വസ്ത്രം മന്ത്രി എ.പി. അനിൽകുമാർ പ്രകാശനം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേക ജുവനൈൽ പൊലിസ് വിഭാഗം നോഡൽ ഓഫിസറുമായ മുഹമ്മദ് ഹനീഫ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
ശിശുദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. പി. ഷാജേഷ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. ബാലസൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിനായി വിവിധ വകുപ്പുകളും പൊതുസമൂഹവും കൈകോർത്ത് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവത്കരണ പരിപാടികളും കായിക മത്സരങ്ങളും ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ജില്ലാ വനിതാ ശിശുവികസന ഓഫിസർ എസ്.എൽ. ശ്യാം ശങ്കർ, ജില്ലാ ശിശുസംരക്ഷണ ഓഫിസർ ടി.എൻ. ധന്യ, മങ്കട ശിശുവികസന പദ്ധതി ഓഫിസർ ഷൈനി, നിയമ-പ്രൊബേഷൻ ഓഫിസർ പി. ഫവാസ്, സംരക്ഷണ ഓഫിസർമാരായ എ.കെ. മുഹമ്മദ് സാലിഹ്, ഫസൽ പുള്ളാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : Childrens Day Week Celebrations Childrens Day NattuVishesham DistrictNews