രാജാക്കാട് ടൗണിലെ ട്രാൻസ്ഫോർമർ വള്ളിച്ചെടികൾ ചുറ്റിയ നിലയിൽ.
രാജാക്കാട്: ടച്ചിംഗ് വെട്ടിന്റെ പേരിൽ വൈദ്യുതിതടസം പതിവായി. രാജാക്കാട് മേഖലയിൽ ട്രാൻസ്ഫോർമറും പോസ്റ്റുകളും വള്ളിച്ചെടികൾ ചുറ്റി അപകട ഭീഷണിയിലായിരിക്കുന്ന കാഴ്ചകൾ ധാരാളം. ഉപഭോക്താക്കളെ കഷ്ടപ്പെടുത്തി രാപകലില്ലാതെ പവർകട്ട് എല്ലാ ദിവസവും എല്ലായ്പ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പകലത്തെ കട്ട് കൂടാതെ രാത്രികാലങ്ങളിൽ തുടർച്ചയായി അഞ്ചും പത്തും മിനിറ്റുകൾ പവർകട്ടാക്കുകയാണ്. ഇതു ചിലപ്പോൾ അര മണിക്കൂറിലധികം നീണ്ടു നിൽക്കും. സെക്ഷൻ ഓഫീസിൽ വിളിച്ചാൽ മിക്കപ്പോഴും ഫോണെടുക്കുന്നില്ലെന്നും പരാതിയുണ്ട്.
ടച്ച് വെട്ടിന്റെ പേരിൽ വൈദ്യുതി ഓഫ് ചെയ്ത് ഉപഭോക്താക്കളെ കഷ്ടപ്പെടുത്തുന്നതല്ലാതെ കൃത്യമായ ടച്ച് വെട്ട് നടക്കുന്നില്ലെന്നും ഓഫീസിൽനിന്നുള്ള മറുപടി തൃപ്തികരമല്ലെന്നുമാണ് ജനങ്ങളുടെ പരാതി. പോസ്റ്റിലും സ്റ്റേ വയറിലും, ട്രാൻസ്ഫോർമറിന്റെ വേലിയിലുമെല്ലാം വള്ളിച്ചെടികൾ പടർന്നു കയറുന്നത് സ്ഥിരം കാഴ്ചയാണ്.