പ്രതീകാത്മക ചിത്രം
തഴവ: നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയിലെ സര്‍വീസ് റോഡുകളിലൂടെയുള്ള യാത്ര കൂടുതല്‍ ദുരിതത്തിലാകുമെന്ന ആശങ്ക വ്യാപകമായി. ആറുവരി പാതയുടെ ഇരുവശത്തുമുള്ള സര്‍വീസ് റോഡുകളാണ് പ്രാദേശിക യാത്രകള്‍ക്കായി നിയമാനുസൃതം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഇരുചക്ര വാഹന യാത്രക്കാര്‍, ഓട്ടോകള്‍ എന്നിവയും യാത്രയ്ക്കായി സര്‍വീസ് റോഡുകളെയാണ് പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ സര്‍വീസ് റോഡുകള്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് നിര്‍മിച്ചിരിക്കുന്നത്.
മഴവെള്ളം റോഡിലേക്ക്
ദീര്‍ഘദൂര വലിയ വാഹനങ്ങള്‍ക്കായി ക്രമീകരിച്ചിരിക്കുന്ന ആറ് വരിപാതയില്‍ വീഴുന്ന മഴവെള്ളം ഉള്‍പ്പടെയുള്ളവ സര്‍വീസ് റോഡിലേക്ക് നിര്‍ബാധം ഒഴുക്കിയെത്തുന്ന തരത്തിലാണ് പൈപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതുമൂലം മഴക്കാലത്ത് സര്‍വീസ് റോഡുകള്‍ക്ക് കുറുകെ വലിയ അളവില്‍ വെള്ളം നിരന്നൊഴുകുകയും യാത്രക്കാരെ വലിയ രീതിയില്‍ ദുരിതത്തിലാക്കുകയും ചെയ്യുമെന്ന ആശങ്ക ഉയരുകയാണ്.
ദേശീയപാതയുടെ ഇരുവശങ്ങളിലുമായി സര്‍വീസ് റോഡുകളോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഓടകളിലേക്ക് പ്രധാന പാതയില്‍ നിന്നുള്ള മഴവെള്ളം പൈപ്പ് ലൈന്‍ വഴി നേരിട്ടൊഴുക്കിയാല് ഈ പ്രതിസന്ധി പരിഹരിക്കാനാകും.
ഇതിന് റോഡ് നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സര്‍വീസ് റോഡിന് അടിയിലൂടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കേണ്ടതായിരുന്നു. എന്നാല്‍ ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ഉള്‍പ്പടെ സര്‍വീസ് റോഡുകള്‍ക്ക് മുകളില്‍ വെള്ളം പരന്ന് വീഴുന്ന വിധത്തില്‍ പൈപ്പുകള്‍ ക്രമീകരിച്ചശേഷം സര്‍വീസ് റോഡിലെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഉള്‍പ്പടെ പൂര്‍ത്തീകരിച്ച് വരികയാണ്.
സുരക്ഷാ ഭിത്തിക്ക് ഉയരക്കുറവ്
ആറ് വരി പാതയ്ക്ക് നല്‍കിയിരിക്കുന്ന സുരക്ഷാ ഭിത്തിയ്ക്ക് ഒരടി ഉയരം മാത്രമാണുള്ളത്. ഇത് മഴക്കാലത്ത് സര്‍വീസ് റോഡുകളിലെ യാത്രക്കാര്‍ക്ക് വിനയാകുമെന്നും വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ ആറുമാസം മണ്‍സൂണ്‍ മഴക്കാലമാണ്. ഇടവപ്പാതിയും തുലാവര്‍ഷവുമായി പെയ്തിറങ്ങുന്ന മഴയില്‍ സുരക്ഷാ ഭിത്തിയുടെ ഉയരക്കുറവ് പ്രശ്നമാകും. ഇക്കാര്യത്തില്‍ പ്രാദേശിക പ്രതിഷേധം ഉയര്‍ന്നെങ്കിലും ദേശീയപാത ഉദ്യോഗസ്ഥര്‍ കാര്യമാക്കിയില്ല. ഇതിനെതിരേ പല സമരങ്ങളും നടക്കുകയുണ്ടായി.
സര്‍വീസ് റോഡുകള്‍ക്ക് ഇരുവശവും നിര്‍മിച്ചിരിക്കുന്ന ഓടകളുടെ മീതെ സ്ഥാപിച്ച സ്ലാബുകള്‍ വാഹനങ്ങളുടെ ഭാരം താങ്ങാന്‍ കഴിയാതെ ഉടഞ്ഞ് വീഴുന്നതും പതിവാണ്. വെള്ളമൊഴുക്ക് തടസപ്പെടുത്തി നിര്‍മിക്കുന്ന നിര്‍മാണങ്ങളില്‍ എംപിമാര്‍ ഇടപെടണമെന്ന ആവശ്യം ഉയരുകയാണ്.
Tags :