പ്രതീകാത്മക ചിത്രം
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷന്റെ എസ്റ്റേറ്റ് മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാവിലെ ടാപ്പിങ്ങിനിറങ്ങി കാട്ടാനയുടെ മുന്നിലകപ്പെട്ട വനിതാ തൊഴിലാളി മുതുകാട് സ്വദേശിനിയായ ടി.കെ. ഉഷ തല നാരിഴയ്ക്കാണ് ഓടി രക്ഷപ്പെട്ടത്. ഭയം കാരണം ദേഹാസ്വാസ്ഥ്യമുണ്ടായ ഇവർക്ക് പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, അംഗങ്ങളായ ജിനീഷ് കല്ലുംപുറത്ത്, ഗിരീഷ് കോമച്ചൻകണ്ടി, കോൺഗ്രസ് നേതാവ് ജോസ് പുളിന്താനം തുടങ്ങിയവർ ഇവരെ വീട്ടിലെത്തി സന്ദർശിച്ചു. തുടർന്ന് പേരാമ്പ്ര എസ്റ്റേറ്റ് മാനേജർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ബന്ധപ്പെട്ട് പേരാമ്പ്ര എസ്റ്റേറ്റ് പരിധിയിലെ ഫെൻസിംഗ് പ്രവൃത്തി എത്രയും വേഗം തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, പ്ലാന്റേഷൻ പ്രദേശത്ത് വനം വകുപ്പിന്റെ പട്രോളിംഗ് കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. ചക്കിട്ടപാറ പഞ്ചായത്തിൽ ഒന്നു മുതൽ ഏഴ് വരെയുള്ള വാർഡ് മേഖലകളിലാണ് വന്യമൃഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ സോളാർ തൂക്കു വേലി നിർമാണം നടക്കുന്നത്.
പല വാർഡുകളിലും നിർമാണം തുടങ്ങുന്നത് വൈകുന്നതായും പരാതിയുണ്ട്. വാർഡ് എട്ടിലാണ് പേരാമ്പ്ര എസ്റ്റേറ്റ്. ഇവിടെ പ്ലാന്റേഷൻ കോർപറേഷൻ നേരിട്ടാണ് സോളാർ വേലി നിർമാണം നടത്തുന്നത്. മെറ്റീരിയൽ എത്തിച്ച് വേഗത്തിൽ വേലി നിർമാണം തുടങ്ങുമെന്ന് എസ്റ്റേറ്റ് മാനേജർ ഇ.എം. അരുൺ പ്രകാശ് ദീപികയോട് പറഞ്ഞു.
Tags :