മേലൂർ പഞ്ചായത്ത് കാര്യാലയത്തിനുമുന്നിൽ നടന്ന പ്രതിഷേധധർണ
മേലൂർ: മേലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ 21ഓളം മരങ്ങൾ നടപടിക്രമങ്ങൾ പാലിക്കാതെയും പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടെയും അനധികൃതമായി മുറിച്ചുകടത്തി വിറ്റതായി ആരോപിച്ച് മേലൂർ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ മേലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
മരം മുറിച്ച് വിറ്റ സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതി ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സമ്മതിച്ചതായും, സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. അധികാരദുരുപയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ പഞ്ചായത്ത് പ്രസിഡന്റ്് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് സമരം നടത്തിയത്.
പ്രതിഷേധ ധർണ ഡിസിസി സെക്രട്ടറി ജെയിംസ് പോൾ ഉദ്ഘാടനം ചെയ്തു. മേലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡനന്റ്് ഷാജൻ മാടവന അധ്യക്ഷത വഹിച്ചു. പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി. ഡേവിഡ്, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് പൈനാടത്ത്, ലിൻസൻ ആന്റണി, ഷീജ പോളി, ജാൻസി ബാബു, റിൻസി രാജേഷ്, പരിയാരം ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സ്വപ്ന ഡേവിസ്, ബ്ലോക്ക് - മണ്ഡലം ഭാരവാഹികളായ കെ.ഡി. ജോസ്, പോൾ ഡി. നെറ്റിക്കാടൻ, വി.കെ. ഉദയൻ, പി.എൽ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.