പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഇന്ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് മുമ്പാകെ പരിസ്ഥിതിലോല മേഖലകളായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഏഴ് വില്ലേജുകളെയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.
പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ ജനവാസ പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, വടശേരിക്കര, സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളെ അന്തിമ വിജ്ഞാപനത്തില്‍ ഒഴിവാക്കണമെന്നാണ് ആവശ്യം.
ജനവാസ മേഖലകള്‍ പൂര്‍ണമായി ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം വനമേഖലയില്‍ മാത്രമായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിവേദനം ഡിസിസി ഓഫീസിലെത്തുന്ന മുഖ്യമന്ത്രിക്കു നല്‍കുമെന്ന് പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
സംസ്ഥാന പരിസ്ഥിതിവകുപ്പ് കേന്ദ്രത്തിനു നല്‍കിയതായി പുറത്തുവിട്ട വില്ലേജുകളുടെ പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ വില്ലേജുകളുണ്ടായിരുന്നില്ല. ഇതോടെ പ്രതിപക്ഷ കക്ഷികള്‍ ജില്ലയില്‍ സമരം ശക്തമാക്കിയിരിക്കുകയാണ്.
പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന് ഇന്നലെ ചേര്‍ന്ന ഡിസിസി നേതൃയോഗവും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ജനവാസപ്രദേശങ്ങളെ അന്തിമ വിജ്ഞാപനത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കി വനപ്രദേശങ്ങളില്‍ മാത്രം നിജപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശക്തമായ നിലപാടിനെയും പ്രഖ്യാപനത്തെയും യോഗം സ്വാഗതം ചെയ്തു. നേതൃയോഗം കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.