ഹാളിന്റെ പണികൾ പാതിവഴിയിൽ തടസപ്പെട്ട നിലയിൽ
അടൂർ: കീരുകുഴി ഭഗവതിക്കുംപടിഞ്ഞാറ് ദേശീയ വായനശാലയുടെ പുതിയ ഹാളിന്റെ നിർമാണം പാതിവഴിയിൽ തടസപ്പെട്ടു. വായനശാല കെട്ടിടത്തിന്റെ മുകൾ നിലയിലായിട്ടാണ് പുതിയ ഹാൾ പണിയുന്നത്. റോബിൻ പീറ്റർ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോൾ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം തുടങ്ങിയത്. അന്ന് പ്രമാടം ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് പ്രദേശം ഉൾപ്പെട്ടിരുന്നത്. നിലവിൽ പള്ളിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കു മാറി.
2025 സെപ്റ്റംബറിൽ ടെൻഡറായി നവംബർ മാസത്തോടെ ബെൽറ്റ് വരെയുള്ള പണികൾ പൂർത്തിയായി. പിന്നീട് എട്ട് മാസമായി കാര്യമായ പണികളൊന്നും നടത്തിയിട്ടില്ല. ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം കാരണമാണ് പണി മുടങ്ങിയതെന്നാണ് വിവരം. എന്നാൽ മേൽക്കൂരയില്ലാത്തതിനാൽ കട്ടിളയും ജനലുമൊക്കെ മഴയും വെയിലും മഴയുമേറ്റ് നശിച്ചുകൊണ്ടിരിക്കുകയാണ്. വായനശാലയുടെ താഴത്തെ നിലയിൽ സ്ഥലപരിമിതികളുണ്ട്. മുകളിലത്തെ ഹാൾ പൂർത്തിയായാൽ പുസ്തകങ്ങൾ സൂക്ഷിക്കാൻ ഏറെ സൗകര്യമാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.