നിർമാണപ്രവൃത്തി പാതിവഴിയിൽ നിലച്ച മുപ്പിനി പാലം.
എടക്കര: ഒരു വർഷത്തിനുള്ളിൽ മുപ്പിനിപാലം നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പ്രവൃത്തി പാതിവഴിയിൽ നിലച്ചതോടെ ജനങ്ങൾ യാത്രാദുരിതത്തിൽ.
എടക്കര-മൂത്തേടം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നപ്പുഴയ്ക്ക് കുറുകേയുള്ള മുപ്പിനി പാലം നിർമാണ പ്രവൃത്തിയാണ് അനിശ്ചിതാവസ്ഥയിലായത്.
2025ലാണ് ഉയരം കുറഞ്ഞ കോസ്വേ പൊളിച്ച് പുതിയ പാലം നിർമാണത്തിന് തുടക്കമിട്ടത്. പുന്നപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ മുന്പുണ്ടായിരുന്ന കോസ്വേ നിരന്തരം വെള്ളത്തിനടിയിലാവുകയും ഗതാഗതം മുടങ്ങി ജനങ്ങൾ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പിനിക്കടവിൽ ഉയരം കൂടിയ പാലം നിർമാണത്തിന് അനുമതിയായത്.
ഏഴ് കോടി രൂപയാണ് പാലം പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിച്ചത്. 90 മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള പാലവും ഇരുവശങ്ങളിലുമായി നൂറ് മീറ്റർ വീതം അപ്രോച്ച് റോഡുമാണ് നിർമിക്കേണ്ടത്.
എടക്കര, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള ബൈപാസ് റോഡാണിത്. പാലം നിർമാണം ആരംഭിച്ചതോടെ മുപ്പിനി പ്രശേങ്ങളിലെ ചില കുടുംബങ്ങൾ കിടപ്പുരോഗികളായ മാതാപിതാക്കളുമായി കഴിഞ്ഞ ഒന്നര വർഷമായി യാത്രാ സൗകര്യങ്ങളുള്ള മറ്റ് പലയിടങ്ങളിലും വാടകയ്ക്കാണ് താമസിക്കുന്നത്.
കരാറുകാരന്റെ അനാസ്ഥയാണ് പാലം നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മുപ്പിനി, വരക്കോട് പ്രദേശങ്ങളിലുള്ള വിദ്യാർഥികൾ, രോഗികൾ, വിവിധ സ്ഥാപാനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ ഒന്നര വർഷമായി കടുത്ത യാത്രാ ദുരിതത്തിലാണ്.
കാലവർഷം ശക്തിപ്രാപിച്ചാൽ നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കേണ്ടിവരും. ഇതോടെ പാലം നിർമാണം വീണ്ടും അവതാളത്തിലാകും. ഈ കാലവർഷവും മുപ്പിനി പ്രദേശങ്ങളിലെ ജനങ്ങൾ ചുറ്റിവളഞ്ഞ് വീടണയേണ്ട ഗതികേടിലാണ്.
Tags : Local News Nattuvishesham Malappuram