ഡോഗ് ഷെൽട്ടർ
കാക്കനാട്: തൃക്കാക്കര നഗരസഭ 18 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച തെരുവുനായ സംരക്ഷണകേന്ദ്രം ഇപ്പോൾ കരാറുകാരുടെ മെറ്റീരിയൽ ഗോഡൗൺ. മൂന്ന് മാസങ്ങൾക്കുമുമ്പ് തൃക്കാക്കര എംഎൽഎ ഉമാ തോമസ് ഉദ്ഘാടനം നിർവഹിച്ച ഡോഗ് ഷെൽട്ടറിനാണ് ഈ ദുർഗതി.
തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായകളെ പിടികൂടി വന്ധ്യംകരണത്തിനു വിധേയമാക്കി സംരക്ഷിക്കാനുള്ള പദ്ധതിയാണിപ്പോൾ നഗരസഭാ മന്ദിരത്തോടു ചേർന്നുള്ള മാലിന്യ സംഭരണിക്കു സമീപം മെറ്റലും, സാൻഡും പണിയായുധങ്ങളും നിറഞ്ഞ് അനാഥമായി കിടക്കുന്നത്.
2010ൽ പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് ഗ്രന്യൂളുകളാക്കി മാറ്റിയ ശേഷം ഇവ ബിറ്റുമിനിൽ കലർത്തി റോഡുകൾ ടാർ ചെയ്യാനായി ഉപയോഗിച്ചിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടു.
25 ലക്ഷത്തോളം ചെലവഴിച്ച് സ്ഥാപിച്ച മെഷിനറികൾ എവിടെയെന്നു പോലും അറിയില്ല. തെങ്ങോടുള്ള മുനിസിപ്പൽ ഗോഡൗണിലേക്ക് മാറ്റിയെന്ന് ബന്ധപെട്ടവർ പറയുന്നുണ്ടെങ്കിലും ലക്ഷങ്ങൾ വിലമതിക്കുന്ന മെഷിനുകൾ ഒരെണ്ണം പോലും ഇപ്പോൾഅവിടെ ഇല്ല.ചതുരാകൃതിയിൽ ഇരുമ്പു മറകളുണ്ടാക്കിയാണ് നായകൾക്കായി ഇവിടെ ഷെൽട്ടറുകൾ നിർമിച്ചിട്ടുള്ളത്.
മേൽക്കൂരയിലെ തകരഷീറ്റുകളിൽ നിന്നുള്ള അസഹ്യമായ ചൂട് കാരണം നായകളെ ഇവിടെ സംരക്ഷിക്കാൻ കഴിയില്ലെന്ന് വെറ്ററിനറി വിദഗ്ധർ പറഞ്ഞു.നായകളെ വന്ധ്യംകരണത്തിനു വിധേയമാക്കാനുള്ള അണുവിമുക്ത സർജറി റൂമുകൾ ഇല്ലാത്തതും ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് നായ കൂടുകൾ സ്ഥാപിച്ചെങ്കിലും നായകളിൽ ഒന്നിനെപ്പോലും സുരക്ഷിതമായി സംരക്ഷിക്കാൻ ഇവിടെ സംവിധാനങ്ങളില്ല.കാൽ നടയാത്രക്കാർക്കു നേരെ കുരച്ചു ചാടിയും ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ പാഞ്ഞും തൃക്കാക്കര നഗരസഭാ പരിധിയിൽ നായകൂട്ടങ്ങൾ വിളയാട്ടം തുടരുമ്പോഴും മുനിസിപ്പൽ ഹെൽത്തു വിഭാഗവും മറ്റ് അധികൃതരും അനങ്ങാപ്പാറ നയം തുടരുകയാണ്.