കൊച്ചി: എറണാകുളം ഗവ. സര്വന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കും കണ്സ്യൂമര് ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണ വിപണനമേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര് ജി. പ്രിയങ്ക നിര്വഹിച്ചു. സഹകരണ പൊന്നോണ വിപണി 2026 17ന് സിവില്സ്റ്റേഷന്റെ താഴത്തെ നിലയുടെ പ്രധാനകവാടത്തില് ആരംഭിക്കും. വെളിച്ചെണ്ണയടക്കം പത്തിന നിത്യോപയോഗ സാധനങ്ങള് 650 രൂപയ്ക്ക് ലഭിക്കും.
കളക്ടറേറ്റില് നടന്ന പരിപാടിയില് ബാങ്ക് പ്രസിഡന്റ് പാക്സണ് ജോസ് അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര് എ.ആര്. സിന്ധു, ബോര്ഡ് മെമ്പര് ബിനു, ഗിരിജ, ദിനേശന്, സനില് ഗോപാലന്, തുടങ്ങിയവര് പങ്കെടുത്തു.
ഓണാഘോഷം 18 മുതൽ
പെരുമ്പാവൂർ: മനോജ് മൂത്തേടൻ എംഎൽഎയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ നഗരസഭയുടെയും ത്രിതല പഞ്ചായത്തുകളുടെയും വിവിധ സംഘടനകളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷം ഓണ പ്പൊലിമ 18, 19, 20, 27, 29 തീയതികളിൽ പെരുമ്പാവൂർ, കുറുപ്പംപടി എന്നിവിടങ്ങളിലായി നടക്കും. അഞ്ച് ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും.
ഓണം ഖാദി മേള
കരുമാലൂർ: കരുമാലൂർ ഗ്രാമപഞ്ചായത്തും കേരള ഖാദി ഗ്രാമ വ്യവസായ യൂണിറ്റും സംയുക്തമായി ഖാദി മേള സംഘടിപ്പിച്ചു. 17 വരെ നീളുന്ന മേള 30 ശതമാനം സർക്കാർ റിബേറ്റോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊച്ചു റാണി ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം. അബു, മുഹമ്മദ് അഷ്റഫ്, ശ്രീദേവി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. കുട്ടപ്പൻ തുടങ്ങിയവരും പങ്കെടുത്തു.