പ്രതീകാത്മക ചിത്രം
കൊല്ലം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരകേന്ദ്രം അടച്ചുപൂട്ടുന്നതിലൂടെ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയും ജില്ലയില്‍ സിപിഐയും ബഹുജന സംഘടനകളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
എഐഎസ്എഫിന്റെ നേതൃത്വത്തില്‍ 24, 25 തീയതികളില്‍ കൊല്ലം വീ പാര്‍ക്കില്‍ വച്ച് ഇതാണ് ജന്തര്‍മന്തര്‍ എന്ന പേരില്‍ പ്രത്യേക കാമ്പയിന് സംഘടിപ്പിക്കും. 24ന് വൈകുന്നേരം നാലിന് കവി ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഡല്‍ഹി വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എഐഎസ്എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗ് പങ്കെടുക്കും. കലാ-സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന രാപ്പകല്‍ സമരത്തില്‍ വ്യത്യസ്ത കലാ രൂപങ്ങളുടെ അവതരണമുണ്ടാകും. 25 ന് രാവിലെ എട്ടിന് ദേശീയ പതാക ഉയര്‍ത്തി ദേശീയ ഗാനത്തോടെ പരിപാടി സമാപിക്കും.
ഡല്‍ഹിയില്‍ സിപിഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 27ന് ജില്ലയിലെ 2000 കേന്ദ്രങ്ങളില്‍ ദീപം തെളിയിച്ച് 'പ്രതിഷേധ ജ്വാല' സംഘടിപ്പിക്കും. 28 മുതല്‍ നവംബര്‍ ഏഴ് വരെ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ചുകള്‍ നടക്കും. നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും പങ്കെടുക്കും.
29 മുതല്‍ നവംബര്‍ ഏഴ് വരെ ജില്ലാ കേന്ദ്രത്തില്‍ വിവിധ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ദിവസേന ഐക്യദാര്‍ഢ്യ സമരങ്ങളും സംഘടിപ്പിക്കും.
29 ന് ബികെഎംയു, 30 ന് മഹിളാ സംഘം, 31 ന് എഐടിയുസി, നവംബര്‍ ഒന്നിന് എഐഎസ്എഫ്, രണ്ടിന് എഐവൈഎഫ്, മൂന്നിന് കലാസാംസ്കാരിക-സമാധാന സംഘടനകള്‍, നാലിന് സര്‍വീസ് സംഘടന, അഞ്ചിന് പെന്‍ഷനേഴ്സ് ആന്റ് പ്രവാസി സംഘടനകള്‍, ആറിന് എഐഡിആര്‍എം, ഏഴിന് കിസാന്‍സഭ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രത്തില്‍ ഐക്യദാര്‍ഢ്യ സമരങ്ങള്‍ നടക്കും.
Tags :