വിള്ളൽ കണ്ടെത്തിയ മയിച്ചയിലെ റെയിൽവേ പാലം.
ചെറുവത്തൂർ: മയിച്ചയിലെ പഴയ പാലത്തിന്റെ തൂണിൽ ചെറിയ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ചെറുവത്തൂരിനും നീലേശ്വരത്തിനുമിടയിൽ ട്രെയിനുകൾക്ക് വേഗതാ നിയന്ത്രണം ഏർപ്പെടുത്തി. റെയിൽവേയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി വിള്ളൽ അടച്ചിട്ടുണ്ട്. എന്നാൽ അടച്ച ഭാഗം ശരിയായി ഉറക്കുന്നതിനും വീണ്ടും വിള്ളൽ വീഴുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനുമായാണ് വേഗതാ നിയന്ത്രണം ഏർപ്പെടുത്തിയത്.
കാര്യങ്കോട് പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലത്തിനു സമീപത്തുള്ള നീളം കുറഞ്ഞ പാലമാണ് മയിച്ച പാലം. ആഴ്ചകൾക്കു മുമ്പാണ് പാലത്തിന്റെ തെക്കുഭാഗത്തുള്ള തൂണിന്റെ കല്ല് മുന്നോട്ട് തള്ളിവന്ന നിലയിൽ കണ്ടെത്തിയത്. പരിശോധന നടത്തിയപ്പോഴാണ് തൂണിൽ വിള്ളലുള്ളതായി കണ്ടത്. തുടർന്നാണ് വിള്ളൽ അടച്ച് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലും അപകടാവസ്ഥ സൂചിപ്പിച്ചുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളിലെ നിരീക്ഷണത്തിനുശേഷം പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഘട്ടംഘട്ടമായി ട്രെയിനുകളുടെ വേഗം വീണ്ടും കൂട്ടാനാണ് തീരുമാനം.
Tags : NattuVishasham DistrictNews