തൊടുപുഴ: വന്യജീവിശല്യം മൂലം ജില്ലയില്‍ കൃഷിനാശം രൂക്ഷമായിട്ടും സര്‍ക്കാരില്‍നിന്നുള്ള നഷ്ടപരിഹാരത്തിനു ലഭിച്ചത് നാമമാത്ര അപേക്ഷകള്‍. വന്യജീവി ആക്രമണത്തില്‍ കാര്‍ഷികവിളകള്‍ക്ക് നഷ്ടപരിഹാരമാവശ്യപ്പെട്ട് കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 17 കര്‍ഷകര്‍ മാത്രമാണ്. നഷ്ട പരിഹാരത്തിനായി അപേക്ഷ നല്കാന് പോലും മലയോര കര്‍ഷകര്‍ തയാറാകുന്നില്ലെന്ന് കൃഷി വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കൃഷിനാശമുണ്ടായ 1.046 ഹെക്ടര്‍ ഭൂമിയില്‍നിന്ന് നഷ്ടപരിഹാരമായി ഒന്നര വര്‍ഷത്തിനിടെ കൃഷിവകുപ്പ് ശിപാര്‍ശ ചെയ്തിരിക്കുന്ന തുക 4.18 ലക്ഷമാണ്. മന്നാങ്കണ്ടം, വെള്ളിയാമറ്റം, അണക്കര. കരുണാപുരം, ഏലപ്പാറ, കൊക്കയാര്‍, കുമളി, മഞ്ചുമല കൃഷി ഓഫീസ് പരിധിയിലായാണ് ഇത്രയും കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കുള്ള തുക സര്‍ക്കാര്‍ അക്കൗണ്ടുവഴി ലഭ്യമാക്കും.
കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം ഹൈറേഞ്ചേ് മേഖലയിലാണ് കൂടുതലും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഴ, ഏലം, മരച്ചീനി, നെല്ല് എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കാര്‍ഷിക വിളകള്‍. വന്യമൃഗശല്യം രൂക്ഷമായതോടെ മലയോരമേഖലകളില്‍ ഭൂമിവില ഇടിഞ്ഞതും ഉത്പന്നങ്ങളുടെ വിലക്കുറവും കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിളനാശം പതിവായതോടെ പലരും കൃഷി പൂര്‍ണമായി ഉപേക്ഷിച്ചതാണ് പോര്‍ട്ടലിലെ രജിസ്ട്രേഷന് കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അപേക്ഷിക്കേണ്ട വിധം
എയിംസ് പോര്‍ട്ടലിലെ ന്യൂ രജിസ്ട്രേഷന് ഓപ്ഷനില്‍ കരമടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് സ്ഥലമുടമയ്ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ കൃഷിഭവന് മുതല്‍ ജില്ലാ കൃഷി ഓഫീസ് തലത്തില്‍വരെ വിശദപരിശോധന നടത്തിയ ശേഷമായിരിക്കും സംസ്ഥാന ഡയറക്ടറേറ്റിലേക്ക് അയയ്ക്കുക. വെബ് സൈറ്റ്: aims.kerala.gov.in
സേവനങ്ങള്‍
കര്‍ഷക രജിസ്ട്രേഷന്: കര്‍ഷകര്‍ക്ക് ഈ പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷന് നടത്താം. കൃഷിനാശത്തില്നിന്ന് സംരക്ഷണം നേടാന്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാം. പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടായാല്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം.
നെല്‍കൃഷി ചെയ്യുന്നവര്‍ക്ക് നിലത്തിന്റെ ഉടമസ്ഥതയ്ക്കുള്ള റോയല്‍റ്റിക്കായി അപേക്ഷിക്കാം. കേരള ഫാം ഫ്രഷ് പഴം പച്ചക്കറി അടിസ്ഥാന വില പദ്ധതിയില്‍ അംഗമാകാം.
Tags : nattu vishesham Crop loss due wildlife menace