തൃശൂർ: നാടെങ്ങും മഴ തകർത്തുപെയ്തിട്ടും വെള്ളത്തി ന്റെ കാര്യത്തിൽ തൃശൂരിന് ആശ ങ്ക. കർക്കടകം കഴിയാറായിട്ടും ജില്ലയിലെ പ്രധാന കുടിവെള്ള-ജലസേചനസ്രോതസുകളായ ചിമ്മിനി, പീച്ചി, വാഴാനി ഡാമുകളിലൊന്നും വേണ്ടത്ര വെള്ളമെത്തിയിട്ടില്ല.
കഴിഞ്ഞവർഷങ്ങളിലെ കണക്കുകളുമായി തട്ടിച്ചുനോക്കുന്പോൾ പകുതിപോലുമില്ലാത്ത അവസ്ഥ! ജൂണിൽ പെയ്യാൻ മടിച്ച കാലവർഷമാണ് കാര്യങ്ങൾ തലകീഴായിമറിച്ചത്. തുടർന്ന് മഴ ശക്തമായെങ്കിലും മലയോരങ്ങളിൽനിന്നുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചത്ര ഇല്ലാഞ്ഞതാണു സ്ഥിതി വഷളാക്കിയത്. ഇനിയും വെള്ളമെത്തിയില്ലെങ്കിൽ വരുംദിവസങ്ങളിൽ തൃശൂർ നഗരത്തിലെ കുടിവെള്ളവിതരണവും കോൾപാടങ്ങളിലെ കൃഷിയും താളംതെറ്റുമെന്നുറപ്പ്.
ഡാമുകളിലെ നെഞ്ചിടിപ്പേറ്റുന്ന കണക്കുകൾ
ചിമ്മിനി ഡാം (75 ശതമാനം മാത്രം): ജില്ലയിലെ ഏറ്റവും വലിയ സംഭരണിയായ ചിമ്മിനിയിൽ 151.55 എംസിഎം (മില്യണ് ക്യൂബിക് മീറ്റർ) വെള്ളമാണു പരമാവധി ജലനിരപ്പെങ്കിലും നിലവിൽ 114.15 എംസിഎം മാത്രമാണുള്ളത്. 76.40 മീറ്റർ ആണ് മാക്സിമം വാട്ടർലെവൽ. നിലവിൽ 71.22 മീറ്റർ വെള്ളമാണുള്ളത്. 1996-ൽ പ്രവർത്തനം ആരംഭിച്ച ഈ ഡാമിൽ സമീപകാലത്തൊന്നും ഇത്രയും കുറഞ്ഞ ജലനിരപ്പ് ഉണ്ടായിട്ടില്ല.
പീച്ചി ഡാം (55 ശതമാനം മാത്രം):
തൃശൂർ നഗരത്തിനു ദാഹജലമെത്തിക്കുന്ന പീച്ചി റിസർവോയറിൽ ആകെ സംഭരണശേഷിയുടെ പകുതി വെള്ളമേയുള്ളൂ. 94.95 എംസിഎം ശേഷിയുള്ള ഡാമിൽ 52 എംസിഎം മാത്രം. പരമാവധി ജലനിരപ്പ് 79.25 മീറ്റർ. നിലവിലുള്ളതാകട്ടെ 75.62 മീറ്റർ മാത്രം.
വാഴാനി ഡാം (56 ശതമാനം മാത്രം):
തെക്കുംകര പ്രദേശത്തിന്റെ ജീവനാഡിയായ വാഴാനിയിൽ 18.12 എംസിഎം ശേഷിയുള്ളതിൽ 10.72 എംസിഎം വെള്ളമേയുള്ളൂ. 62.48 മീറ്ററാണു പരമാവധി ശേഷിയെങ്കിലും നിലവിലുള്ളത് 56.18 മീറ്റർ മാത്രം.
സഞ്ചാരികൾക്കും നിരാശ
ഓണാഘോഷങ്ങൾക്കായി വാഴാനി ടൂറിസം കേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു. 25 മുതൽ ദീപാലങ്കാരവും 27 മുതൽ 29 വരെ വൻ ആഘോഷങ്ങളുമാണു പ്ലാൻ ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളിൽ ഡാം ഷട്ടറുകൾ ഉയർത്തി തൂക്കുപാലത്തിനു മുന്പിലൂടെ പതഞ്ഞൊഴുകിവരുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരകാഴ്ച കാണാൻ ആയിരക്കണക്കിനു സഞ്ചാരികളാണ് എത്തിയിരുന്നത്. എന്നാൽ ഇത്തവണ ജലനിരപ്പ് കുത്തനെ കുറവായതിനാൽ ആ നിമിഷങ്ങൾ കാണാനാകില്ലെന്ന് ജില്ലാ ഉപഭോക്തൃസമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ പറഞ്ഞു.
എങ്കിലും, വൃഷ്ടിപ്രദേശങ്ങളിൽ നിലയ്ക്കാതെ പെയ്യുന്ന മഴ വരുംദിവസങ്ങളിൽ നീരൊഴുക്ക് കൂട്ടി ഡാമുകൾ നിറയ്ക്കുമെന്ന പ്രതീക്ഷയിലാണു കർഷകരും അധികൃതരും.