പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം-വേങ്ങര റോഡിലെ പാണക്കാടുണ്ടായ മണ്ണിടിച്ചിലിന് കാരണം അനുമതിയില്ലാത്ത പാറ പൊട്ടിക്കലും അനധികൃത നിര്മാണ പ്രവര്ത്തനങ്ങളുമാണെന്ന് കണ്ടെത്തിയതിനെത്തുടര്ന്ന് ജില്ലയിലെ അനധികൃത ക്വാറികള്ക്കെതിരെയും കുന്നിടിക്കലിനെതിരെയും കളക്ടറേറ്റ് തലത്തില് നടപടികള് കടുപ്പിച്ചു.
റവന്യു, ജിയോളജി, പൊലിസ്, തദ്ദേശസ്വയംഭരണ വകുപ്പുകള് സംയുക്തമായാണ് ജില്ലയില് വലിയ രീതിയിലുള്ള പരിശോധനയും കര്ശന വിലക്കുകളും ഏര്പ്പെടുത്തിയിരിക്കുന്നത്.
തീരുമാനത്തിന്റെ ഭാഗമായി അനധികൃത ക്വാറി ഉത്പന്നങ്ങളുടെയും അനുമതിയില്ലാത്ത മണ്ണെടുപ്പിന്റെയും കടത്ത് തടയാന് ജില്ലയിലെ പ്രധാന പാതകളില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന പ്രത്യേക ചെക്ക് പോസ്റ്റുകള് സ്ഥാപിച്ചു.
ടിപ്പര് ലോറികള് ഉള്പ്പെടെയുള്ള വാഹനങ്ങളില് പാസ്, അനുമതിപത്രങ്ങള് എന്നിവ പരിശോധിച്ച ശേഷമേ കടന്നുപോകാന് അനുവദിക്കൂവെന്ന് അധികൃതര് പറഞ്ഞു.
സ്ക്വാഡുകള് സജീവം; പരിശോധന കടുപ്പിച്ചു
ജിയോളജി, പൊലിസ്, റവന്യു വകുപ്പുകളെ ഉള്പ്പെടുത്തി റവന്യു ഡിവിഷണല് ഓഫീസര്മാരുടെ മേല്നോട്ടത്തില് റെയ്ഡിനായി പ്രത്യേക സംയുക്ത സ്ക്വാഡുകളെ നിയോഗിച്ചത്.
പാണക്കാട് ദുരന്തത്തിന് പിന്നില് ക്വാറി മാഫിയയുടെ ക്രമക്കേടുകള് കണ്ടെത്താന് പരാജയപ്പെട്ട ഉദ്യോഗസ്ഥര്ക്കും അനുമതിയില്ലാതെ പാറ പൊട്ടിച്ച ഭൂവുടമയ്ക്കും വീഴ്ച വരുത്തിയതിന് കാരണം കാണിക്കല് നോട്ടീസ് നല്കിയിട്ടുണ്ട്.
ലൈസന്സില്ലാതെയും മാനദണ്ഡങ്ങള് ലംഘിച്ചും പ്രവര്ത്തിക്കുന്ന ഊരകം, താനൂര്, കാളികാവ് മേഖലകളിലെ അനധികൃത കരിങ്കല്-ചെങ്കല് ക്വാറികളുടെ പ്രവര്ത്തനം അടിയന്തരമായി നിര്ത്തിവയ്പിച്ചു.
പാണക്കാട്ടെ അപകടാന്തരീക്ഷം നിലനില്ക്കുന്ന പ്രദേശങ്ങളില് ഇനി ഒരു നിര്മാണ പ്രവര്ത്തനവും അനുവദിക്കില്ലെന്നും വിദഗ്ധ പഠന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്നും ജില്ലാ കളക്ടറുടെ ഓഫീസ് വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews quarries