പ്രതീകാത്മക ചിത്രം
ഏറ്റുമാനൂർ: കെഎസ്ഇബി ഏറ്റുമാനൂരിൽ നടപ്പാക്കാൻ വിഭാവനം ചെയ്ത സോളാർ പദ്ധതിക്കായി 2.5 കോടി രൂപ ചെലവഴിച്ച് പത്തുവർഷം പിന്നിട്ടിട്ടും പദ്ധതി യാഥാർഥ്യമായില്ല. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ ജനകീയ വികസനസമിതി രംഗത്ത്.
പത്തു വർഷം മുമ്പ് തുടങ്ങിയ പദ്ധതിയുടെ കരാറുകാർ ബംഗളൂരു ഗ്രീൻ സോൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. 6.68 കോടി രൂപയ്ക്കായിരുന്നു കരാർ. രണ്ടര കോടിയോളം രൂപ കരാർ കമ്പനി കൈപ്പറ്റുകയും ചെയ്തു. എന്നാൽ, പദ്ധതിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ചതുപ്പു നിലമാണ് എന്നു പറഞ്ഞ് പദ്ധതി നെന്മാറയിലേക്ക് മാറ്റി. 2019 ഡിസംബറിൽ വീണ്ടും പദ്ധതി ഏറ്റുമാനൂരിൽ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
2.5 കോടി രൂപ മുടക്കിയിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, നിജസ്ഥിതി അറിയുന്നതിന് ജനകീയ വികസനസമിതി ലോകായുക്തയെ സമീപിക്കുമെന്ന് വികസനസമിതി പ്രസിഡന്റ് ബി. രാജീവ് അറിയിച്ചു.