കുഴിയില് പേവിംഗ് ടൈലുകള് സ്ഥാപിച്ചിരിക്കുന്നു.
കോട്ടയം: നഗരമധ്യത്തില് കോട്ടയം- കുമരകം റോഡില്നിന്ന് എംസി റോഡിലേക്ക് ഇറങ്ങുന്ന യമുന ലോഡ്ജിനു സമീപമുള്ള ഇടറോഡില് കുഴികള് രൂപപ്പെട്ടിരിക്കുന്നതു കാല്നട യാത്രക്കാര്ക്കും വാഹനങ്ങള്ക്കും ദുരിതമാകുന്നു. കഴിഞ്ഞ ഏതാനും നാളുകളായി രൂപപ്പെട്ടിരുന്ന ചെറിയ കുഴികള് മഴയിൽ വലിയ ഗര്ത്തമായി മാറി. കുമരകം റോഡില്നിന്ന് ഇടറോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കുഴിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില് ഈ കുഴിയില് വെള്ളം കെട്ടിക്കിടക്കുന്നതു കാല്നട യാത്രക്കാര്ക്കും സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്ഡിലുള്ളവര്ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
സിഎംഎസ് കോളജില്നിന്നുള്ള വിദ്യാര്ഥികള് അടക്കം നിരവധിപ്പേരാണ് ബേക്കര് ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പിലേക്ക് ഇതുവഴി നടന്നു പോകുന്നത്. പലപ്പോഴും കുഴികളില്നിന്നു ചെളിവെള്ളം തെറിക്കുന്നതിനാല് കാല്നടയാത്രക്കാര് ബുദ്ധിമുട്ടിയാണ് ഇതിലൂടെ പോകുന്നത്.
കുമരകം റോഡിലൂടെ സിഎംഎസ് കോളജ് ഭാഗത്തുനിന്നെത്തുന്ന നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ ബേക്കര് ജംഗ്ഷനിലെത്തി നാഗമ്പടത്തേക്ക് പോകുന്നത്. ഇതുവഴി എത്തുന്ന ബസുകള് ഉള്പ്പെടെയുള്ള വലിയ വാഹനങ്ങള് കുഴികളില് ചാടുമ്പോള് ചെളിവെള്ളം കാല്നടയാത്രക്കാരുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും ദേഹത്തേക്ക് തെറിച്ചതോടെയാണ് കുഴിയില് പേവിംഗ് ടൈലുകള് സ്ഥാപിച്ച് അതിന്റെ ആഴം കുറച്ചത്.
അടുത്ത ദിവസങ്ങളില് തുലാമഴ കനക്കുന്ന സാഹചര്യത്തില് അടിയന്തരമായി അധികൃതര് ഇടപെട്ടു കുഴി അടയ്ക്കണമെന്ന് യാത്രക്കാര് ആവശ്യപ്പെട്ടു.
Tags : Dangerous NattuVishasham DistrictNews