കോട്ടയം: കര്ക്കിടകത്തില് പകല് സമയങ്ങളില് അനുഭവപ്പെടുന്ന കടുത്ത ചൂട് കാര്ഷിക മേഖലയ്ക്കു തിരിച്ചടിയാകുന്നു. ചില ദിവസങ്ങളില് ജില്ലയുടെ വിവിധ മേഖലകളില് രാത്രികാലങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില് വലിയ തോതില് മഴക്കാറുണ്ടായിരുന്നെങ്കിലും മഴ പെയ്തില്ല.
മുന്വര്ഷങ്ങളില് കര്ക്കിടക മാസത്തില് ഇടവിട്ടെങ്കിലും നല്ല രീതിയില് മഴ ലഭിച്ചിരുന്നു. ചില വര്ഷങ്ങളില് ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത പച്ചക്കറികള് ഉള്പ്പെടെയുള്ളവ വെള്ളപ്പൊക്കത്തില് നശിച്ചുപോയ സാഹചര്യവുമുണ്ടായിരുന്നു.
ഈ പ്രാവശ്യം പച്ചക്കറി ഉള്പ്പെടെയുള്ള മുഴുവന് കൃഷികള്ക്കും കര്ഷകര് ദിവസവും രണ്ടു നേരം വീതം വെള്ളമൊഴിക്കുകയാണ്. കര്ക്കിടക മാസത്തിലെ മഴക്കുറവ് 2012നു ശേഷം ആദ്യമാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
ജില്ലയില് പടിഞ്ഞാന് മേഖലയില് ഉള്പ്പെടെയുള്ള സ്ഥലങ്ങളിലെ പാവല്, പടവലം, വെള്ളരി, തക്കാളി, അച്ചിങ്ങപ്പയര് കൃഷികള്ക്കു മുടങ്ങാതെ വെള്ളം കോരുകയാണ് കര്ഷകര്. ചൂട് ഇനിയും വര്ധിച്ചാല് കാര്ഷിക വിളകളെ ബാധിക്കുമെന്നു കര്ഷകര് പറയുന്നു. പകല്ച്ചൂട് വര്ധിക്കുന്നതും ഈര്പ്പം ഇല്ലാത്തതും ചെടികള് കരിഞ്ഞുപോകാന് കാരണമായേക്കാം. തിരുവാതിര ഞാറ്റുവേല സമയത്തു പോലും കാര്യമായി മഴ പെയ്തില്ല.
പച്ചക്കറികള്ക്കും ഏത്തവാഴ ഉള്പ്പെടെയുള്ളവയ്ക്കും മികച്ചവില ലഭിക്കുന്ന സീസണ് ഓണക്കാലമാണ്. ഇതു മുന്നില്ക്കണ്ടാണു ജില്ലയില് നുറൂകണക്കിനു കര്ഷകര് പാടശേഖരങ്ങളിലും പുരയിടങ്ങളിലും കൃഷിയിറക്കിയത്. വെള്ളരി, പാവല്, പടവലം തുടങ്ങിയ കൃഷികള്ക്കാണു അപ്രതീക്ഷിത വേനല് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ചെടികള്ക്ക് ഉണക്കേല്ക്കുന്നതു വിളവിനെ കാര്യമായ തോതില് ബാധിക്കും. ഈ സ്ഥിതി തുടര്ന്നാല് ഇത്തവണ ഓണവിപണിയില് നാടന് പച്ചക്കറികളുടെ വരവ് കുറയാനാണു സാധ്യത. കുടുംബശ്രീ ഉള്പ്പെടെയുള്ളവര് ജില്ലയില് ഏക്കറുകണക്കിനു സ്ഥലത്താണ് പച്ചക്കറിയും പൂകൃഷിയും നടത്തിയിരിക്കുന്നത്. പകല്ച്ചൂട് വര്ധിക്കുന്നതു പച്ചക്കറികള്ക്കു രോഗബാധ വര്ധിക്കാനും ഇടയാക്കിയേക്കും.
പ്രാദേശിക കര്ഷകരില് നിന്നും സംഭരിക്കുന്ന പച്ചക്കറികള് ഉപയോഗിച്ചാണ് സര്ക്കാര് കുടുംബശ്രീ, വിഎഫ്പിസികെ, ഹോട്ടികോര്പ്പ് ഉള്പ്പെടെയുള്ള ഏജന്സികള് ഓണക്കാല പച്ചക്കറിച്ചന്തകള് സംഘടിപ്പിക്കുന്നത്.
മുന്കാലങ്ങളല് വിലക്കുറവ് ഉള്പ്പെടെയുള്ള തിരിച്ചടികള് നേരിട്ടതോടെ ചെറുകിട കര്ഷകര് പലരും കാര്ഷിക മേഖല വിട്ടുപോവുകയാണ്. കാലാവസ്ഥയിലെ വ്യത്യാസം, വളം, കീട നാശിനികള് എന്നിവയുടെ വില വര്ധന, കൂലിച്ചെലവ് വര്ധന, ഉത്പന്നങ്ങള്ക്കു ന്യായമായ വില ലഭിക്കാത്ത അവസ്ഥ തുടങ്ങിയവയാണ് കര്ഷകര്ക്കു തിരിച്ചടിയാകുന്നത്.
ഗുണമേന്മയില്ലാത്ത വിത്തുകളും തിരിച്ചടിയായി
കാലാവസ്ഥാ വ്യതിയാനത്തിനു പുറമേ ഇത്തവണ ഓണവിപണി ലക്ഷ്യമിട്ടു കൃഷിയിറക്കിയ കര്ഷകര്ക്കു തിരിച്ചടിയായതു വിത്തുകളുടെ ഗുണനിലവാരമില്ലായ്മയും അമിത വിലയുമാണ്. ജില്ലയിലെ പാടശേഖരങ്ങളില് പച്ചക്കറി കൃഷിയിറക്കുന്ന ഒട്ടുമിക്ക കര്ഷകരും പച്ചക്കറി വിത്തുകള് പാകി കിളിര്പ്പിച്ചശേഷം പാടശേഖരങ്ങളില് ചാണകപ്പൊടിയും മറ്റു വളങ്ങളുമിട്ടു നിലമൊരുക്കിയിരിക്കുന്ന സ്ഥലത്തു വയ്ക്കുകയാണ് ചെയ്യുന്നത്.
വെണ്ട, പയര്, പടവലം, വെള്ളരി തുടങ്ങിവയെല്ലാം ഇതേ രീതിയിലാണ് കൃഷിചെയ്യുന്നത്. എന്നാല് ഇത്തവണ ലഭിച്ചതെല്ലാം ഗുണനിലവാരം കുറഞ്ഞ വിത്തുകളാണെന്ന് കര്ഷകര് പരാതിപ്പെടുന്നു. ഇതിനു പുറമെ വിത്തുകള്ക്കെല്ലാം അമിതവിലയുമായിരുന്നു.
കഴിഞ്ഞ വര്ഷം 25 ഗ്രാം വെള്ളരി വിത്തിന് 610 രൂപയായിരുന്നത് ഇത്തവണ 800 രൂപയായി ഉയര്ന്നു. വിപണിയില് ലഭിക്കുന്ന ഹൈബ്രിഡ് വിത്തുകളില് ഭൂരിഭാഗവും മുളയ്ക്കാത്തതും കാര്ഷിക രംഗത്തെ കര്ഷകരുടെ മുന്നേറ്റത്തിന് തിരിച്ചടിയാകുന്നു.
സംസ്ഥാനത്ത് ആകെ 1.2 ലക്ഷം കിലോഗ്രാം പച്ചക്കറി വിത്തുകള് ആവശ്യമുള്ളപ്പോള് പ്രാദേശികമായി ഉത്പാദിപ്പിക്കുന്നത് 20 ശതമാനം (ഏതാണ്ട് 24,000 കിലോഗ്രാം) മാത്രമാണ്. ബാക്കി 80 ശതമാനവും സ്വകാര്യ കമ്പനികളെയും അയല് സംസ്ഥാനങ്ങളെയും ആശ്രയിക്കുകയാണ്.
65 വര്ഷങ്ങള്ക്കു മുമ്പു സര്ക്കാര് 31 വിത്തു ഫാമുകള്ക്കു തുടക്കമിട്ടെങ്കിലും ഇക്കാര്യത്തില് ആവശ്യമായ പുരോഗതി കൈവരിക്കാന് സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും 35 വിത്തു ഫാമുകള് മാത്രമാണ് ഇവിടെയുള്ളത്.
കാര്ഷിക സര്വകലാശാല ബ്രീഡര് വിത്തുകള് ഉത്പാദിപ്പിക്കുകയും, സര്ക്കാര് ഫാമുകള് അതു ഫൗണ്ടേഷന് വിത്തുകളാക്കി മാറ്റി വിതരണം ചെയ്യുന്ന സംവിധാനം ഉടനടി നടപ്പിലാക്കുകയും ചെയ്യണമെന്ന് കര്ഷക കോണ്ഗ്രസ് നേതാവ് എബി ഐപ്പ് ആവശ്യപ്പെട്ടു.