കോട്ടയം: കെപിസിസി അധ്യക്ഷസ്ഥാന ചര്‍ച്ചകള്‍ക്കൊപ്പം ഡിസിസി പ്രസിഡന്റിന്റെ കാര്യത്തിലും ചര്‍ച്ചകള്‍ സജീവം. യുഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തിയതോടെ കോട്ടയം ഡിസിസി അധ്യക്ഷ സ്ഥാനത്തിന് ഇപ്പോള്‍ മുമ്പെങ്ങുമില്ലാത്ത പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. ആകെയുള്ള ഒമ്പത് സീറ്റുകളില്‍ ഒമ്പതിടത്തും യുഡിഎഫ് എംഎല്എമാരെന്നതും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പിന്തുണയും ചാലക ശക്തിയുമായി പ്രവര്‍ത്തിക്കുന്നതും കോട്ടയത്തെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വമാണ്. നിലവിലെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരില്‍ നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോട്ടയത്ത് നേതൃമാറ്റം അനിവാര്യമായിരിക്കുന്നത്.
കോട്ടയം പണ്ടുമുതലേ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ ഉരുക്കുകോട്ടയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ പാര്‍ട്ടിയില്‍ വലിയൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭയില്‍ ചാണ്ടി ഉമ്മന്‍ ഇടം ലഭിക്കാതെ പോയത് എ ഗ്രൂപ്പിന്റെ സ്വാധീനം കുറയുന്നതിന്റെ സൂചനയാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നാഥനില്ലാതായ പല എ ഗ്രൂപ്പ് നേതാക്കളും ഇപ്പോള്‍ കെ.സി. വേണുഗോപാലിന്റെ ക്യാമ്പിലേക്ക് അടുക്കുകയാണ്. ഇതിനൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി അടുപ്പമുള്ള നേതാക്കളും ഡിസിസി അധ്യക്ഷ പദവിക്കായി ചരടുവലികള്‍ സജീവമാക്കിയിട്ടുണ്ട്.
കെപിസിസി സെക്രട്ടറിയും ജില്ലാ യുഡിഎഫ് കണ്‍വീനറുമായ ഫില്‍സണ്‍ മാത്യൂസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ജി. ഗോപകുമാര്‍, സിബി ചേനപ്പാടി, യൂജിന്‍ തോമസ് എന്നിവരുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതില്‍ ഫില്‍സണ്‍ മാത്യൂസ് വി.ഡി. സതീശന്റെയും ഫിലിപ്പ് ജോസഫ് രമേശ് ചെന്നിത്തലയുടെയും വിശ്വസ്തരായാണ് അറിയപ്പെടുന്നത്. ചര്‍ച്ചകളില്‍ ഇവര്‍ക്കാണ് മൂന്‍തൂക്കം ലഭിച്ചിരിക്കുന്നത്. നിയമസഭയില്‍ ഇരുവര്‍ക്കും സീറ്റ് ലഭിച്ചിരുന്നില്ല
പരമ്പരാഗതമായി കോട്ടയം ഡിസിസി അധ്യക്ഷ സ്ഥാനം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള നേതാക്കളാണ് വഹിക്കാറുള്ളത്. എം.പി. ഗോവിന്ദന് നായരും നിലവിലെ പ്രസിഡന്റ് നാട്ടകം സുരേഷും മാത്രമാണ് മറ്റു സമുദയത്തില്നിന്നും എത്തിയത്. എന്നാല്‍ നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നായതിനാല്‍, ഇത്തവണ ഹിന്ദു സമുദായത്തില്‍ നിന്നുള്ള ഒരു നേതാവ് വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന നേതാവായ സ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാടും നിര്‍ണായകമാണ്. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാന്‍ എഐസിസി രാജ്യവ്യാപകമായി ആവിഷ്കരിച്ച സംഘടന് സൃജന്‍ അഭിയാന് കോട്ടയത്തും നടപ്പിലാക്കാന്‍ സാധ്യതയുണ്ട്.
കേന്ദ്ര നിരീക്ഷകര്‍ നേരിട്ടെത്തി ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അധ്യക്ഷനെ തീരുമാനിക്കുന്ന രീതിയാണിത്. ഇതിനകം 14 സംസ്ഥാനങ്ങളില്‍ ഈ രീതി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. എന്നാല്‍, കെപിസിസി നേതൃത്വം നല്കുന്ന പാനലില്‍നിന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കേരളത്തിലെ പരമ്പരാഗത രീതിക്ക് ഈ പുതിയ സിസ്റ്റം എത്രത്തോളം പ്രായോഗികമാകുമെന്ന സംശയം ചില നേതാക്കള്‍ക്കെങ്കിലുമുണ്ട്.
Tags : are lively Nattuvishesham District news