ക്യാമറ
വൈക്കം: വൈക്കം നഗരത്തിലെ തകരാറിലായ സിസിടിവി കാമറകൾ പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തമായി. സി.കെ. ആശ എംഎൽഎ ആയിരുന്നപ്പോൾ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് കാമറകൾ സ്ഥാപിച്ചത്.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 45ഓളം കാമറകളിൽ പലതും ഇപ്പോൾ പ്രവർത്തനരഹിതമാണ്. വൈക്കം പോലീസ് സ്റ്റേഷനിലെ നിരീക്ഷണ മുറിയിലെ സ്ക്രീനിൽ നോക്കി രാവും പകലും നഗരത്തിലെ മുഴുവൻ ചലനങ്ങളും പോലീസിന് നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നു.
നഗരത്തിന്റെ സുരക്ഷയ്ക്ക് വലിയ കരുത്തു പകർന്ന ഈ കാമറകളുടെ പിൻബലത്തിൽ നിരവധി മോഷണക്കേസുകൾ തെളിയിച്ച് കുറ്റവാളികളെ കണ്ടെത്താനും നിരവധി വാഹന അപകടങ്ങളിലെയടക്കം നിജസ്ഥിതി പോലീസിന് കണ്ടെത്താനും കഴിഞ്ഞിരുന്നു. വൈക്കത്ത് ഏറ്റവും കൂടുതൽ ആളെത്തുന്ന വൈക്കത്തഷ്ടമി ഉത്സവം, മഹാസമ്മേളനങ്ങൾ തുടങ്ങിയവ നടക്കുമ്പോൾ ക്രമസമാധാന പരിപാലനത്തിന് കാമറകൾ ഏറെ ഉപകാരപ്രദമായിരുന്നു.
നഗരപരിധിയിൽ മോഷ്ടാക്കളുടെ സാന്നിധ്യം മണത്തറിഞ്ഞ് മോഷണശ്രമങ്ങൾ ചെറുക്കാനും മറ്റ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും കാമറകൾ നിർണായക പങ്കാണ് വഹിച്ചിരുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി കാമറകൾ പ്രവർത്തനക്ഷമമാക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham LocalNews