എസ്.ബി. രാജുവിനെ എ. പ്രഭാകരൻ എംഎൽഎ അനുമോദിക്കുന്നു.
പാലക്കാട്: ജില്ലാ പഞ്ചായത്ത് ഭരണസമിതി ആരംഭിച്ച എല്ലാ വികസനപദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു മുൻഗണന നൽകുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു.
രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാ അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ഒരുമിപ്പിച്ചുള്ള മാതൃകാപരമായ പ്രവർത്തനത്തിലൂടെയാകും വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന ഫണ്ടിന്റെ പരിമിതികൾ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് ഏറ്റവും മുൻഗണന അർഹിക്കുന്ന പദ്ധതികൾ ആദ്യം പൂർത്തിയാക്കുന്നതിനാണ് ഭരണസമിതി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് എസ്.ബി. രാജു പറഞ്ഞു.
ജില്ലയിലെ എല്ലാ മേഖലകളുടെയും സമഗ്രവികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകും. ഗ്രാമ, നഗര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, വനിതാ,യുവജന ക്ഷേമം തുടങ്ങിയ മേഖലകളിൽ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാടിന്റെ ഭാവി വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി എല്ലാവരുടെയും സഹകരണത്തോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കും. ജനപ്രതീക്ഷകൾക്ക് അനുസൃതമായ വികസന കാഴ്ചപ്പാടോടെയാണ് പുതിയ ഭരണസമിതി മുന്നോട്ടുപോകുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
Tags : Development projects NattuVishasham DistrictNews