തിരുസ്വരൂപത്തിനു മുന്നിൽ വിശ്വാസികൾ പൂക്കൾ സമർപ്പിച്ച് പ്രാർഥിക്കുന്നു.
ചെട്ടിക്കാട്: കിഴക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസി ന്റെ തീർഥാടന ദേവാലയത്തിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിന്റെ 831-ാം ജന്മദിന തിരുനാളിന് വൻ ഭക്തജനപ്രവാഹം.
രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ ദിവ്യബലി നൊവേന, ആരാധന എന്നിവ നടന്നു. രാവിലെ 10.30ന് നടന്ന തിരുനാൾ ദിവ്യബലിക്ക് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാർമികത്വം വഹിച്ചു. ഫാ. മിഥുൻ മെന്റസ് വചനസന്ദേശം നൽകി. വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയ്യുടെ അസ്ഥി, സാഭാവസ്ത്രത്തിന്റെ ഒരു ഭാഗം എന്നിവ സുക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക തീർഥാ ടന കേന്ദ്രമായതിനാൽ വിശുദ്ധന്റെ ജന്മദിന തിരുനാളിൽ പങ്കെടുക്കുന്നതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ തീർഥാടകർ എത്തി.
തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പൊൻനാവ് എടുത്തു വയ്ക്കൽ നേർച്ചയ്ക്കും അടിമസമർപ്പണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. റെക്ടർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. ആൻസ് പല്ലിശേരി എന്നിവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.