പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രന് വധക്കേസില്‍ സാക്ഷിവിസ്താരം പുരോഗമിക്കുന്നു. തൊടുപുഴ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ മാസം 28നാണ് വിസ്താരം തുടങ്ങിയത്. നാല് സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായി. എട്ടു മുതല്‍ 40 വരെയുള്ള സാക്ഷികളെ അടുത്ത മൂന്ന് ദിവസത്തില്‍ വിസ്തരിക്കും.
2022 ജനുവരി 10നാണ് കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ അഭിജിത്ത്, അമല്‍ എന്നിവരാണ് ഒന്നും രണ്ടും സാക്ഷികള്‍. ധീരജിനെ കുത്തുന്നത് കണ്ടെന്നും ആക്രമണത്തില്‍ തങ്ങള്‍ക്ക് പരിക്കേറ്റിരുന്നെന്നും ഇരുവരും മൊഴി നല്കി. വിസ്തരിച്ച സാക്ഷികള്‍ എല്ലാവരും പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴിനല്‍കി.
ജിക്സണ്‍ ജോര്‍ജ്, മുന്‍ ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന് എന്നിവരെ ഇന്നു വിസ്തരിക്കും. കെ.ജി. സത്യന്റെ വാഹനത്തിലാണ് കുത്തേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിച്ചത്.
യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരായ നിഖില്‍ പൈലി, ജെറിന് ജോജോ, ടോണി ഏബ്രഹാം, നിതിന്‍ ലൂക്കോസ്, ജിതിന് തോമസ്, സോയിമോന്‍ സണ്ണി, ജസ്റ്റിന് ജോയി, അലന് ബേബി എന്നിവരാണ് കേസിലെ പ്രതികള്‍.
സംഘംചേരല്‍, കൊലപാതകം, വധശ്രമം, മര്‍ദനം, തെളിവ് നശിപ്പിക്കല്‍, ആയുധം ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുളളത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. പ്രിയദര്ശന് തമ്പി, അഡ്വ. എസ്.എസ്. സനീഷ്, അഡ്വ. ഓംജി ബാലചന്ദ്രന് എന്നിവരാണ് ഹാജരാകുന്നത്.
Tags : Dheeraj Murder: Examination of Witnesses Continues Dheeraj Murder NattuVishesham DistrictNews