പത്തനംതിട്ട: പൊതുവിദ്യാഭ്യാസ മേഖലയിൽ ഹയർ സെക്കൻഡറി ഫലത്തിൽ സംസ്ഥാനത്തു വളരെ പിന്നിൽ നിൽക്കുന്ന പത്തനംതിട്ട ജില്ലയുടെ പോരായ്മകൾ കണ്ടെത്തി ചികിത്സ നല്കാൻ ജില്ലാ പഞ്ചായത്ത്. എസ്എസ്എൽസി, പ്ലസ്ടു ഫലങ്ങൾ മെച്ചപ്പെടുത്താൻ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു.
എന്നാൽ കതിരിൽ വളംവച്ചിട്ടു കാര്യമില്ലെന്നും പോരായ്മകൾ കണ്ടെത്താനുള്ള ചർച്ചകളായിരിക്കും ആദ്യം നടത്തുകയെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. 2025ൽ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനമാണ് പത്തനംതിട്ടയ്ക്കുണ്ടായിരുന്നത്.
ജില്ലയിലെ 79 സ്കൂളുകളിലായി 10572 കുട്ടികളാണ് പരീക്ഷ എഴുതിയത്. 10628 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. പരീക്ഷ എഴുതിയവരിൽ 7708 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. വിജയശതമാനം 72.91. 723 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയുമുണ്ടായി.
സംസ്ഥാനാടിസ്ഥാനത്തിൽ 2024ൽ പത്തനംതിട്ട ജില്ല പത്താം സ്ഥാനത്തായിരുന്നു. 2024ൽ 74.94 ശതമാനം വിജയമുണ്ടായിരുന്നു. 81 സ്കൂളുകളിലായി 10890 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8161 പേർ ഉപരിപഠന യോഗ്യത നേടുകയും ചെയ്തു. 2023ൽ 76.59 ശതമാനം വിജയം ജില്ല നേടിയെങ്കിലും അക്കൊല്ലം സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ടയിലായിരുന്നു.
പതിറ്റാണ്ടായി ശ്രമം തുടരുന്നു
പത്തനംതിട്ട ജില്ലയിലെ പ്ലസ്ടു ഫലം മെച്ചപ്പെടുത്താനായി വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ഏറെ വർഷങ്ങളായി അക്ഷീണ പരിശ്രമത്തിലാണ്. എന്നാൽ വിജയശതമാനം സംസ്ഥാന ശരാശരിയോടൊപ്പം എത്തിക്കാനാകുന്നില്ലെന്നതാണ് പ്രശ്നം. എസ്എസ്എൽസി പരീക്ഷയിൽ 99 ശതമാനത്തിലധികം കുട്ടികളും വിജയിക്കുന്ന ജില്ലയിൽ പ്ലസ്ടു ഫലം വരുന്പോഴേക്കും 75 ശതമാനം വിജയം പോലും നേടാനാകുന്നില്ല. മെച്ചപ്പെട്ട വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും ഒട്ടനവധി സ്കൂളുകൾ നേട്ടമുണ്ടാക്കുന്പോൾ പിന്നാക്ക മേഖലയിലെ ചില വിദ്യാലയങ്ങളിലുണ്ടാകുന്ന തോൽവിയാണ് പത്തനംതിട്ടയെ പിന്നിലേക്കടിക്കുന്നത്.
ഹയർ സെക്കൻഡറി ഫലം മെച്ചപ്പെടുത്തുന്നതിലേക്ക് 2017 മുതൽ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് രംഗത്തുണ്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയിൽ ഈ പദ്ധതി തുടരുകയാണ്. പദ്ധതിക്ക് ഇതിനോടകം പേരുകൾ പലതും മാറിവന്നെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്. നമ്മളെത്തും മുന്നിലെത്തും പദ്ധതിയാണ് നിലവിലുള്ളത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന അനിശ്ചിതത്വവും വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവും പ്രധാന പ്രശ്നമാണ്.
അധ്യയന വർഷാരംഭത്തിൽ ഒരിക്കൽപോലും പദ്ധതി പ്രവർത്തനം തുടങ്ങാനായിട്ടില്ല. സ്കൂളുകളിൽ പാഠഭാഗങ്ങൾ പൂർത്തിയായശേഷമായിരിക്കും ജില്ലാ പഞ്ചായത്ത് പദ്ധതി പ്രത്യേകമായി വരിക. ഇതാകട്ടെ കതിരിൽ വളംവയ്ക്കുന്നതിനു തുല്യവുമാകും. പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്കായി സ്പഷൽ ട്യൂഷൻ, പ്രത്യേക പുസ്തകങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായുണ്ട്. ഇത്തരം കുട്ടികൾക്കായി സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്. എന്നാൽ അധ്യാപകരിൽ നല്ലൊരു വിഭാഗം ഇപ്പോഴും പദ്ധതിയോടു സഹകരിച്ചിട്ടില്ല.
പത്തിലെ സന്പൂർണ വിജയം
പത്താംക്ലാസിലെ സന്പൂർണ വിജയത്തേ തുടർന്ന് ഹയർ സെക്കൻഡറി ക്ലാസുകളിലേക്കു പ്രവേശിക്കുന്ന കുട്ടികളുടെ പഠനനിലവാരമാണ് പ്ലസ്ടു ഫലത്തെ ബാധിക്കുന്ന പ്രധാന ഘടകം. പ്രത്യേക ശ്രദ്ധയും പരിശീലനവും വേണ്ട കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എത്താറുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഇത്തരം കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിലെ പഠനത്തോടു താദാത്മ്യപ്പെടാനാകാതെ വരുന്നുണ്ട്. എന്നാൽ പല സ്കൂളുകളിലും ഈ കുട്ടികൾക്കു പ്രത്യേക കരുതൽ ഉണ്ടാകുന്നില്ല.
സ്കൂളുകളിൽ സ്ഥിരം അധ്യാപകരില്ലാത്തതും ബാച്ചുകൾ അധികമായതും പ്രശ്നങ്ങളായുണ്ട്. കുട്ടികളുടെ കുറവു കാരണം ഹയർ സെക്കൻഡറി ബാച്ചുകൾ തന്നെ വേണ്ടെന്നുവച്ച സ്കൂളുകളും പത്തനംതിട്ട ജില്ലയിലുണ്ട്.
ഹയർ സെക്കൻഡറിക്കായി ജോയിന്റ് ഡയറക്ടർ ഓഫീസ് പത്തനംതിട്ടയിൽ ഇല്ല. ചെങ്ങന്നൂർ ആർഡിഡിയുടെ കീഴിലാണ് പത്തനംതിട്ട. ഹയർ സെക്കൻഡറിയിൽ പദ്ധതി നടപ്പാക്കുന്പോൾ അതിനു നേതൃത്വം നൽകാൻ ഡിഡിഇയ്ക്കാകില്ല. ആർഡിഡി ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെ പ്രത്യേകമായി ചുമതലപ്പെടുത്താറുമില്ല
Tags : nattu vishesham District Panchayat says money will be spent