ആലപ്പുഴ ഉപജില്ല ടീമിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹീന്ദ്രൻ ട്രോഫി സമ്മാനിക്കുന്നു.
ചേര്‍ത്തല: ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ നടന്ന ജില്ലാ സ്കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി ആലപ്പുഴ ഉപജില്ല. 40 സ്വര്‍ണവും 31 വെളളിയും 24 വെങ്കലവും അടക്കം 347 പോയിന്റ് നേടിയാണ് ആലപ്പുഴയുടെ വിജയം. 26 സ്വര്‍ണവും 31 വെള്ളിയും 20 വെങ്കലവും അടക്കം 258 പോയിന്റ് നേടിയ ചേര്‍ത്തല ഉപജില്ല ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ആലപ്പുഴ തുടര്‍ച്ചയായി ഏഴാം തവണയും ചാമ്പ്യന്‍ട്രോഫി ഉയര്‍ത്തിയത്.
മറ്റു ഉപജില്ലകള്ക്കൊന്നും കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ആറു സ്വര്‍ണവും 11 വീതം വെളളിയും വെങ്കലവും നേടി 76 പോയന്റുമായി മാവേലിക്കരയും ആറു സ്വര്‍ണവും എട്ടുവെള്ളിയും 11 വെങ്കലവും അടക്കം 69 പോയിനന്റുമായി തുറവൂരും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. അമ്പലപ്പുഴ നാലു സ്വര്‍ണം നേടിയപ്പോള്‍ ചെങ്ങന്നൂരും ഹരിപ്പാടും കായംകുളവും ഓരോ സ്വര്‍ണം നേടി. വെളിയനാടിനും തലവടിക്കും മങ്കൊമ്പിനും സ്വര്‍ണം നേടാനായില്ല.
വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന് ട്രോഫികള്‍ സമ്മാനിച്ചു. നഗരസഭാ കൗണ്‍സിലര്‍ സി.ഡി. ശങ്കര്‍ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉഫഡയറക്ടര് എം.ആര്. സുനിമോള്‍, ചേര്‍ത്തല ഉപജില്ലാ ഓഫീസര്‍ എല്‍. ജയലക്ഷ്മി, അജു പി. ബഞ്ചമിന്, വിനോദ് കുമാര്‍, നിനു വി. ദേവ്, രേഖകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
സ്കൂളുകളില്‍ ആലപ്പുഴ എസ്ഡിവി സ്കൂളുകളില്‍ ആലപ്പുഴ എസ്ഡിവി ബിഎച്ച്എസ്എസിന് ഒന്നാം സ്ഥാനം
സ്കൂളുകളില്‍ ആലപ്പുഴ എസ്ഡിവി ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂള്‍ 11 സ്വര്‍ണവും 12 വെള്ളിയും ആറു വെങ്കലവും അടക്കം 97 പോയിന്റാണ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേര്‍ത്തല ഉപജില്ലയിലെ കലവുര്‍ ഗവ.ഹയര്‍സെക്കൻഡറി സ്കൂളുയര്ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ആലപ്പുഴ എസ്ഡിവി സ്കൂള്‍ സ്കൂള്‍തല ചാമ്പ്യന്മാരായത്. 11 വീതം സ്വര്‍ണവും വെള്ളിയും അഞ്ചു വെങ്കലവും അടക്കം 90 പോയിന്റുമായി കലവൂര്‍ ഗവ.എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. തൊട്ടുപിന്നില്‍ 12 സ്വര്‍ണവും എട്ടുവെള്ളിയും അഞ്ചു വെങ്കലവും അടക്കം 89 പോയിന്റുമായി ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 12 സ്വര്‍ണവും ഏഴു വെള്ളിയും അടക്കം 86 പോയിന്റുമായി ചാരമംഗലം ഗവ.ഡിവിഎച്ച്എസ്എസ് നാലാം സ്ഥാനവും 69 പോയിന്റുമായ ആലപ്പുഴ ലിയോ തേര്ട്ടീന്ത് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
പോള്‍വാള്‍ട്ടില്‍ പാളി
ചേര്‍ത്തല: ക്രമീകരണങ്ങള്‍ പാളിയതിനാല്‍ പോള്‍വാള്‍ട്ടില്‍ ആണ്‍കുട്ടികളുടെ ജൂനിയര്‍, സീനിയര്‍ മത്സരങ്ങള്‍ മാറ്റി. പോള്‍വാട്ടിന്റെ തൂണുകള്‍ക്ക് ഉയരമില്ലാത്തതടക്കം പലവിധ പോരായ്മകള്‍ തെളിഞ്ഞതോടെയാണ് മത്സരം മാറ്റിയത്. പോയിന്റ് വ്യത്യാസം ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതില്‍ നിര്ണായകമാകില്ലെന്നതിനാലാണ് ചാമ്പ്യന്‍ പ്രഖ്യാപനം നടത്താനായത്.
വീണ്ടും മത്സരത്തിനെത്തേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ താരങ്ങള്‍ അറിയിച്ചെങ്കിലും അപ്പോള്‍ തന്നെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നീട്ടിയത്. മത്സരങ്ങള്‍ 18ന് കായംകുളം പുള്ളിക്കണക്ക് സ്കൂളില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിതരണം ചെയ്യുന്നത് 15 ട്രോഫികൾ
ചേർത്തല: ജില്ലാ സ്കൂൾ കായികമേള വിജയികളെ കാത്ത് എവറോളിംഗ് ട്രോഫി ഉൾപ്പെടെ 15 ഓളം ട്രോഫികൾ. 400 മെഡലുകളും സർട്ടിഫിക്കറ്റുകൾ തയ്യാർ. അകാലത്തിൽ അന്തരിച്ച ചേർത്തലയിലെ കുന്നയ്ക്കൽ ഒപ്റ്റിക്കൽസ് ഉടമ ജോൺ കുന്നയ്ക്കൽ കുര്യാക്കോസിന്റെ പേരിലാണ് എവറോളിംഗ് ട്രോഫി. രണ്ടാം സ്ഥാനക്കാർക്ക് കാനറ ബാങ്ക് ചേർത്തലയും മൂന്നാം സ്ഥാനക്കാർക്ക് എസ്ബിഐ ബസാർ റോഡ് ചേർത്തലയും ആണ് ട്രോഫികൾ സ്പോൺസർ ചെയ്തിരിക്കുന്നത്. കൂടാതെ സീനിയർ ചാമ്പ്യൻ ബോയ്സ്, സീനിയർ ചാമ്പ്യൻ ഗേൾസ്, ജൂനിയർ ബോയ്സ്, ഗേൾസ്, സബ് ജൂനിയർ ബോയ്സ് ഗേൾസ് എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത ഇനത്തിൽ ഒന്നാമതെത്തുന്നവർക്കും ട്രോഫികളുണ്ട്. മികച്ച സ്കൂളിനും എവറോളിംഗ് ട്രോഫി ലഭിക്കും.