കോട്ടയം: പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. എം. എ. ഇട്ടിയച്ചന് (മഴുവഞ്ചേരിപറമ്പത്ത് ഏബ്രഹാം ഇട്ടിയച്ചന്) വിട. 1983ല്‍ മഹാത്മാഗാന്ധി സര്‍വകലാശാല സ്ഥാപിതമായപ്പോള്‍ അവിടെ നിയമിതനായ ആദ്യത്തെ ഫാക്കല്‍റ്റി അംഗമായിരുന്നു അദ്ദേഹം.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സിന്റെ സ്ഥാപക ഡയറക്ടറും മേധാവിയുമായിരുന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് വകുപ്പിനെ മികച്ച ഒരു അധ്യാപന-ഗവേഷണ കേന്ദ്രമായി വളർത്തിയത്. വിവിധ സര്‍വകലാശാലകളുടെ അക്കാദമിക, ഭരണച്ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2001ൽ വിരമിച്ചു.
കേരളത്തിലെ ശാസ്ത്ര-അക്കാദമിക് രംഗങ്ങളില്‍ പ്രമുഖ വ്യക്തിത്വമായിരുന്ന അദ്ദേഹം, ക്രിസ്റ്റലൈന് മെറ്റീരിയല്‍സ്, ബയോളജിക്കല്‍ ക്രിസ്റ്റല്‍സ്, ഫോസ്ഫറസുകള്‍ എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായിരുന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശാസ്ത്രസാഹിത്യ രംഗത്തും സജീവമായിരുന്ന അദ്ദേഹം -നമ്മുടെ ശാസ്ത്രകാരന്മാര്, റിച്ചാര്‍ഡ് ഫൈന്മാന്: മനുഷ്യസ്നേഹിയായ ഒരു സൈദ്ധാന്തിക ശാസ്ത്രജ്ഞന് തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. ഇട്ടിയച്ചന്റെ വേര്‍പാടില്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ഡി. മാവൂതു അനുശോചിച്ചു. ഡോ. ഇട്ടിയച്ചന്റെ വിയോഗം അക്കാദമിക ലോകത്തിന് വലിയൊരു നഷ്ടമാണെന്ന് വൈസ് ചാന്‍സലര്‍ സന്ദേശത്തില്‍ പറഞ്ഞു.
Tags : Local News Nattuvishesham Kottayam