കോതമംഗലം: സംസ്ഥാന ബജറ്റ് കോതമംഗലത്തിന് വൻ വികസന സാധ്യതകൾ തുറക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ബജറ്റിന് നന്ദി രേഖപ്പെടുത്തിയും ബജറ്റിനെ പൂർണമായി പിന്തുണച്ചും നിയമസഭയിൽ നന്ദിപ്രസംഗം നടത്തുകയായിരുന്നു ഷിബു തെക്കുംപുറം എംഎൽഎ. കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും ക്രിയാത്മകവും സർഗാത്മകവുമായ ബജറ്റാണ് ഇതെന്നും ദീർഘവീക്ഷണത്തോടുകൂടിയ ഭാവി കേരളത്തിന്റെ സമഗ്ര ദർശനരേഖയായാണ് ബജറ്റിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയ്ക്കും കോതമംഗലത്തിനും പ്രത്യേക പരിഗണന നൽകിയതിന് മുഖ്യമന്ത്രി വി . ഡി. സതീശന് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ബജറ്റിൽ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിയെ പരാമർശിച്ചതും വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും പറഞ്ഞു. ഗ്ലോബൽ കൺവൻഷൻ സെന്ററും ഫിലിം സിറ്റിയും എറണാകുളം ജില്ലയിലെ വികസനത്തിന് വലിയ ആക്കം നൽകുമെന്നും അഭിപ്രായപ്പെട്ടു. എറണാകുളത്തിന്റെയും ഇടുക്കിയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കോതമംഗലം ഫിലിം സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണെന്നും, റാമോജി ഫിലിം സിറ്റിക്ക് സമാനമായ ഒരു പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ കോതമംഗലത്തെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെല്ലിക്കുഴിയെ എറണാകുളം ജില്ലയിലെ ഫർണിച്ചർ ഹബിന്റെ ആസ്ഥാനമായി പരിഗണിക്കണമെന്നും ഇൻഫോപാർക്കിന്റെ ഒരു ഉപകേന്ദ്രം കോതമംഗലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വടാട്ടുപാറ, തട്ടേക്കാട്, ഭൂതത്താൻകെട്ട്, മാമലക്കണ്ടം എന്നിവയെ ബന്ധിപ്പിച്ച് സമഗ്രമായ ഒരു ടൂറിസം സർക്യൂട്ട് രൂപീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Tags : Budget will open Shibu Shibu Thekkumpuram