പത്തനംതിട്ട: വേനലിന്റെ രൂക്ഷത ഏറിയതോടെ പലയിടത്തും ജലക്ഷാമം രൂക്ഷമായി. കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജലവിതരണ സംവിധാനങ്ങളെ ആശ്രയിക്കുകയാണ് മിക്കവരും. പൈപ്പുകളിൽ വെള്ളം ഇല്ലാതായതോടെ ടാങ്കർ ലോറികൾക്കായി കാത്തിരിക്കുകയാണ്. എന്നാൽ ജലവിതരണം നടത്താനുള്ള അനുമതി പല പഞ്ചായത്തുകളും വാങ്ങിയിട്ടില്ല. ഇക്കാരണത്താൽ വൻ തുക ചെലവഴിച്ച് വെള്ളം വാങ്ങേണ്ട സ്ഥിതിയാണ് പലർക്കും.
വേനൽമഴയിൽ ഇടയ്ക്കു ജലസ്രോതസുകൾ സജീവമായെങ്കിലും പിന്നീട് ചൂടിന്റെ ആധിക്യം ഏറിയതോടെ ഉണ്ടായിരുന്ന വെള്ളവും വറ്റി. ഇതോടെയാണ് കുടിവെള്ളം പലയിടത്തും കിട്ടാക്കനിയായി മാറിയത്.
ഓമല്ലൂർ പഞ്ചായത്തിലെ വാഴമുട്ടത്ത് 1977-ൽ കുടിവെള്ള പൈപ്പിട്ടതാണ്. എന്നാൽ ഇതേവരെ വെള്ളം എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്തിന്റെ കുടിവെള്ളവിതരണവും കാര്യക്ഷമമല്ല. ടാങ്കർ ലോറി എല്ലാദിവസവും എത്താറില്ല.
കിണറിലെ വെള്ളം പൂർണമായി വറ്റിയതോടെ വാഴമുട്ടം മേഖലയിൽ നിരവധി കുടുംബങ്ങൾ വെള്ളം ഇല്ലാതെ വലയുകയാണ്.