തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ച മുറുകുന്നു. സംസ്ഥാന നേതാക്കളെത്തിയാണ് നേതൃത്വം നല്‍കുന്നത്. സീറ്റു കിട്ടാത്തതിലുള്ള അസ്വാരസ്യങ്ങൾ പലയിടത്തുമുണ്ട്. എങ്കിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ദിവസത്തിനു മുന്‍പ് പ്രശ്നം തീർത്ത് സ്ഥാനാർഥികളെ കളത്തിലിറക്കാൻ മുന്നണികൾ ആഞ്ഞുപിടിക്കുകയാണ്..
ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്തിൽ സീറ്റുകളുടെ കാര്യത്തിൽ എൽഡിഎഫിൽ ധാരണയായി. ഇത്തവണ 17 ഡിവിഷനാണ്. ഒന്ന് കൂടുതൽ. അധികമായി വന്ന സീറ്റ് സിപിഎം ഏറ്റെടുക്കും. അതായത് കഴിഞ്ഞ തവണത്തെ ഏഴു സീറ്റ് എട്ടാകും. സിപിഐ അഞ്ച് സീറ്റിലും കേരള കോണ്‍ഗ്രസ് -എം നാലു സീറ്റിലും മത്സരിക്കും.
ഉപ്പുതറ , വാഗമണ്‍ ഡിവിഷനുകൾ സിപിഎമ്മും സിപിഐയും തമ്മിൽ വച്ചുമാറും. കഴിഞ്ഞ തവണ സിപിഐ മത്സരിച്ച ഉപ്പുതറ ഡിവിഷനിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്.രാജൻ മത്സരിക്കും. വനിത സംവരണമായ വാഗമണ്‍ ഡിവിഷനിൽ മുൻ ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണി, മോളി ഡൊമിനിക് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. കഴിഞ്ഞ തവണ മത്സരിച്ച കരിമണ്ണൂർ സീറ്റ് സിപിഐയ്ക്കു നൽകി അടിമാലി സീറ്റ് കേരള കോണ്‍ഗ്രസ്-എം ഏറ്റെടുക്കും.
യുഡിഎഫിൽ സീറ്റുകളുടെ കാര്യത്തിൽ ഇന്നത്തോടെ അന്തിമധാരണയാകുമെന്ന് കണ്‍വീനർ പ്രഫ.എം.ജെ.ജേക്കബ് പറഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 11 സീറ്റിലും കേരള കോണ്‍ഗ്രസ് അഞ്ചു സീറ്റുകളിലുമാണ് മത്സരിച്ചത്. ഇത്തവണ വർധിച്ച സീറ്റ് ലീഗ് ആവശ്യപ്പെട്ടെങ്കിലും നല്കാൻ സാധ്യതയില്ല. കേരള കോണ്‍ഗ്രസ് അഞ്ചു സീറ്റിൽതന്നെ മത്സരിക്കും. വർധിച്ച ഒരു സീറ്റ് ഉൾപ്പടെ കോണ്‍ഗ്രസ് 12 ഡിവിഷനുകളിൽ ജനവിധി തേടും. ബിജെപിയുടെയും സീറ്റു ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ തവണത്തെപ്പോലെ ബിഡിജെഎസ് ഒരു സീറ്റിൽത്തന്നെയാകും. സ്ഥാനാർഥി നിർണയ ചർച്ചകളും ഇന്നത്തോടെ പൂർത്തിയാകും.
തൊടുപുഴ നഗരസഭ
തൊടുപുഴ നഗരസഭയിൽ സീറ്റുകളുടെ കാര്യത്തിൽ എൽഡിഎഫിൽ ഏകദേശ ധാരണയായപ്പോൾ യുഡിഎഫ് അവസാന വട്ട ചർച്ചയിലാണ്. ബിജെപിയിലും സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. 35 വാർഡുകൾ ഇത്തവണ 38 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 27 സീറ്റുകളിൽ സിപിഎം മത്സരിക്കും. സിപിഐ അഞ്ചിലും കേരള കോണ്‍ഗ്രസ്-എം ആറിലും മത്സരിക്കും. ശനിയാഴ്ചയോടെ സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും.യുഡിഎഫിൽ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ തവണ 35 സീറ്റുകളിൽ കോണ്‍ഗ്രസ് -23, മുസ്ലിം ലീഗ് -എട്ട്, കേരള കോണ്‍ഗ്രസ് - അഞ്ച് എന്നിങ്ങനെയാണ് മത്സരിച്ചത്. ഇത്തവണ നഗരസഭയിൽ മൂന്നു വാർഡുകൾ വർധിച്ചതിനാൽ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു സീറ്റുകൾ കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. പരിഹാരം കാണാൻ നേതൃത്വം ഇടപെടും.
കഴിഞ്ഞ തവണ എട്ടു സീറ്റുകൾ നേടിയ ബിജെപി ഇപ്രാവശ്യം നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്. കഴിഞ്ഞ തവണ രണ്ടു വാർഡുകളിൽ ബിഡിജെഎസും മത്സരിച്ചിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി നാരായണൻ നന്പൂതിരിയുടെ നേതൃത്വത്തിലാണ് ചർച്ച.
കട്ടപ്പനയിൽ ഇക്കുറി തീപാറും
കട്ടപ്പന: നഗരസഭയിൽ ഇക്കുറി മത്സരം തീപാറും. കട്ടപ്പനയുടെ തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായേക്കും. പഞ്ചായത്തായിരുന്നപ്പോൾ എക്കാലവും കേരള കോണ്‍ഗ്രസിനും യുഡിഎഫിനുമായിരുന്നു മുൻതൂക്കം. ഇപ്പോൾ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞു. പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും മലനാടു കർഷക യൂണിയനും നേർക്കുനേർ നടന്ന മത്സരത്തിൽ വിജയം കോണ്‍ഗ്രസിനായി.
പ്രസിഡന്റായിരുന്ന വി.ടി. സെബാസ്റ്റ്യൻ കേരള കോണ്‍ഗ്രസ് പക്ഷത്തായതോടെ ഭരണം അവരുടെ കൈയിലായി. എന്നാൽ, വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ വക്കച്ചൻ കലയത്തിനാലായിരുന്നു. പിന്നീടു നടന്ന തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് ഭരണത്തിൽ തുടർന്നു. മാത്യു (അപ്പച്ചൻ) കുളക്കാട്ടുവയലിൽ പ്രസിഡന്റായി.
അടുത്ത തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ തോമസ് ജോസഫ് പ്രസിഡന്റായെങ്കിലും തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം പാപ്പ പൂമറ്റത്തിനോടു തോറ്റതോടെ യുഡിഎഫിനു ഭരണം നഷ്ടമായി. 1995ലെ തെരഞ്ഞെടുപ്പോടെയാണ് ഭരണം കേരള കോണ്‍ഗ്രസിൽനിന്ന് വഴുതിപ്പോയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഭരണം നഷ്ടമാക്കിയത്.
1995ൽ സിപിഎം നേതാവ് വി.കെ. സോമൻ പഞ്ചായത്തിലെ ആദ്യ ഇടതു പ്രസിഡന്റായി. സോമൻ പ്രസിഡന്റായതോടെ സിപിഎമ്മിലും പൊട്ടിത്തെറി ഉണ്ടായി. കട്ടപ്പന ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തമ്മിലുണ്ടായ തർക്കം ഏരിയ സെക്രട്ടറിയായിരുന്ന ശ്രീനഗരി രാജന്റെ രാജിയിലും അദ്ദേഹത്തിനെതിരെ ആക്രമണത്തിലുമെത്തി. 2000ത്തിൽ ജോയിവെട്ടിക്കുഴിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു.
2005ൽ ഭരണം വീണ്ടും എൽഡിഎഫിനായി. അന്ന് എൽഡിഎഫിലായിരുന്ന കേരള കോണ്‍ഗ്രസ് -ജെ പ്രതിനിധി സുനിത തങ്കച്ചനും ടേം വിഭജനത്തിൽ സിപിഎം പ്രതിനിധി പ്രവദാ ശിവരാജനും പ്രസിഡന്റായി. 2010ലും യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു.
2015ൽ കട്ടപ്പന നഗരസഭയായതോടെ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണത്തിലെത്തി. ജോയി വെട്ടിക്കുഴി പ്രഥമ നഗരസഭാധ്യക്ഷൻ. തുടർന്ന് കോണ്‍ഗ്രസിന്റെ ജോണി കുളന്പള്ളിയും ചെയർമാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഭരണം നിലനിർത്തി. വനിത അധ്യക്ഷ അധികാരമേറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നഗരസഭയിൽ അക്കൗണ്ടു തുറന്നു എന്നതും ശ്രദ്ധേയമാണ്.
വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ്,എൽഡിഎഫ്, എൻഡിഎ മുന്നണികൾ ഒരുപോലെ വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും യുഡിഎഫും എൽഡിഎഫും തമ്മിലാണ് പ്രധാന മത്സരം. ഇക്കുറി ഇരു മുന്നണികളിലേയും പ്രമുഖർ മത്സരരംഗത്തുണ്ടാകും. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, മുൻ എംഎൽഎ ഇ.എം. ആഗസ്തി, മുൻ മുൻസിപ്പൽ ചെയർമാൻമാരായ ജോണി കുളന്പള്ളി, ജോണി ചീരാംകുന്നേൽ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് മൈക്കിൾ, മുൻ കൗണ്‍സിലർ ജോസ് കലയത്തിനാൽ, ഡിസിസി സെക്രട്ടറി തോമസ് രാജൻ എന്നിവരുടെ പേരുകൾ കേൾക്കുന്നുണ്ട്. എൽഡിഎഫിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ആർ. സജിയുടെ പേരാണ് പ്രധാനമായി കേൾക്കുന്നത്.
എൽഡിഎഫിൽ സീറ്റു ധാരണ ആയിട്ടുണ്ട്. സിപിഎം 14, കേരളകോണ്‍ഗ്രസ് -എം 12, സിപിഐ ഏഴ്, എൻസിപി ഒന്ന്, ജനതാദൾ ഒന്ന് സീറ്റുകളിൽ മത്സരിക്കും. യുഡിഎഫിൽ കോണ്‍ഗ്രസ് സീറ്റുകളിൽ ഏകദേശധാരണ ആയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് സീറ്റുകൾ സംബന്ധിച്ച് പൂർണരൂപമായിട്ടില്ല.
വിജ്ഞാപനം ഇന്ന് വരും
തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 21 ആണ്. സ്ഥാനാർഥിക്ക് നേരിട്ടോ നിർദ്ദേശകൻ വഴിയോ പത്രിക സമർപ്പിക്കാം. സ്ഥാനാർഥി അതേ തദ്ദേശസ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയായിരിക്കണം. ബധിരമൂകനായിരിക്കരുത്.
സ്ഥാനാർഥിയെ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർഥിക്ക് മൂന്നു സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഗ്രാമപഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്നവർ 2000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സ്ഥാനാർഥികൾ 4000 രൂപയും, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും.
സ്ഥാനാർഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽകേസുകൾ, സ്ഥാനാർഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം ഫോറം 2 എയിൽ സമർപ്പിക്കണം.
ഒരാൾ ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡുകളിൽ നാമനിർദ്ദേശപത്രിക നൽകിയാൽ എല്ലാം നിരസിക്കും. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാം.
നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാർഥികൾ ഉറപ്പാക്കണം. ഭേദഗതി ചെയ്ത ഫോറങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. സ്ഥാനാർഥികൾ വരണാധികാരി മുന്‍പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുന്‍പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് പത്രികയോടൊപ്പം സമർപ്പിക്കണം.സ്ഥാനാർഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കും.
Tags : local nattuvishesham field